അത് കൃത്രിമ മഴയല്ല; ദുബായിലെ പെരുമഴയ്ക്കും മുംബൈയിലെ കൊടുംചൂടിനും കാരണം ഒന്ന് ! ഇത് കേരളത്തിന് മുന്നറിയിപ്പ്
Mail This Article
ഈ ഡിസംബറിൽ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ 28–ാം സമ്മേളനത്തിന് (കോപ്–28) ആതിഥേയത്വം വഹിച്ച് നാലു മാസം കഴിയുന്നതിനു മുൻപേ ആഗോള താപനഫലമായ തീവ്രമഴയിൽ ദുബായ് മുങ്ങി എന്നത് ചരിത്രത്തിനു നേരിട്ടു പ്രകൃതി നൽകിയ ഒരു മുന്നറിയിപ്പാകാം. യുഎഇയിൽ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചതിന്റെ പ്ലാറ്റിനം ജൂബിലി വർഷമാണ് ഇത് എന്നതാണ് മറ്റൊരു പ്രത്യേകത. മഴ കുറവുള്ള ഇവിടെ വല്ലപ്പോഴും പെയ്യുന്ന മഴ അടയാളപ്പെടുത്തി വയ്ക്കാൻ തുടങ്ങിയത് 1949 ലാണ്. ബ്രിട്ടീഷ് പാരമ്പര്യം പിന്തുടരുന്നതിനാൽ ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തുന്ന പതിവ് നേരത്തെ തുടങ്ങാനായി. യുഎഇ നിലവിൽ വരുന്നത് 1971 ൽ ആണെങ്കിലും പെട്രോളിയം ഖനനം ആരംഭിക്കുന്നതിനും മുൻപേ ഈ മേഖലയിൽ കാലാവസ്ഥാ നിരീക്ഷണത്തിനു തുടക്കമിട്ടിരുന്നതായി കാണാം. യുഎഇയുടെ ഒമാൻ അതിർത്തിയോടു ചേർന്നുള്ള അൽ ഐൻ നഗരത്തിൽ ഈ ചൊവ്വാഴ്ച 24 മണിക്കൂറിൽ രേഖപ്പെടുത്തിയ 254 മില്ലീമീറ്റർ മഴയാണ് സർവകാല റെക്കോഡുകളെ ഭേദിച്ച് കാലാവസ്ഥാ നിരീക്ഷണത്തിന്റെ 75–ാം വർഷത്തെ സംഭവബഹുലമാക്കിയത്. ഒന്നര വർഷം കൊണ്ടു കിട്ടേണ്ട മഴ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയുമാണിത്.