‘മത്സരിക്കാതിരുന്നാൽ മന്ത്രിയാക്കാം’: ഒടുവിൽ പിന്മാറ്റം; ‘ഇനി മോദിക്കൊപ്പം’; സുമലത സഹായിച്ചാൽ മാണ്ഡ്യയിൽ രക്ഷ
Mail This Article
സുമലത എന്നാൽ മലയാളികൾക്ക് മഴ തോർന്നൊലിക്കും പോലെ കണ്മുന്നിൽനിന്ന് യാത്ര പറഞ്ഞകന്ന, പത്മരാജന്റെ ക്ലാരയാണ്. 1980ൽ പുറത്തിറങ്ങിയ ‘മൂർഖൻ’ എന്ന ജയൻ ചിത്രത്തിൽ തുടങ്ങി പത്ത് വർഷക്കാലം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു അവർ. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളെടുത്താൽ അതിലുണ്ടാകും തൂവാനത്തുമ്പികളിലെ ക്ലാരയും ന്യൂഡൽഹിയിലെ മരിയ ഫെർണാണ്ടസുമെല്ലാം. ഇസബെല്ല എന്ന ചിത്രത്തിലെ ടൂർ ഗൈഡ്, ‘ഇടവേളയ്ക്കു ശേഷ’ത്തിലെ സിന്ധു, ‘തേനും വയമ്പും’ ചിത്രത്തിലെ ശ്രീദേവി എന്നിങ്ങനെ പിന്നെയും എത്രയെത്ര കഥാപാത്രങ്ങള്‍. 1990ല്‍ താഴ്‌വാരം, പുറപ്പാട്, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പരമ്പര, നമ്പർ 20 മദ്രാസ് മെയിൽ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് പെട്ടെന്ന് അവർ അപ്രത്യക്ഷയായത്. പിന്നീട് ചുരുക്കം ചില കന്നഡ സിനിമകളും തെലുങ്ക് സിനിമകളുമായി ചുരുങ്ങിക്കൂടി. അതിനിടെ കന്നഡ താരം അംബരീഷിനെ വിവാഹം ചെയ്തു. കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച സുമലത പക്ഷേ വീണ്ടും തലക്കെട്ടുകളിൽ നിറഞ്ഞത് സിനിമയുടെ പേരിലായിരുന്നില്ല, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു.