സ്വന്തമായി സ്വർണഖനികൾ, രാജാവിന്റെ ജോലിക്കാർക്ക് റോൾസ് റോയ്സ്: ആ ‘മായാ മഷി’യുടെ രഹസ്യം ഇന്നും അറിയുക 2 പേർക്ക്!
Mail This Article
കോടീശ്വരനായ ഒരു രാജാവ്. അദ്ദേഹത്തിനു കീഴിലുള്ള സ്വർണഖനികളിൽനിന്നുള്ള വരുമാനം തന്നെ എണ്ണിയാലൊടുങ്ങില്ല. റോൾസ് റോയ്സ് കാറുകളോടായിരുന്നു പ്രിയം. അവ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് കൊട്ടാരത്തിലെ ജീവനക്കാർക്കു യാത്രയ്ക്കു വേണ്ടി നൽകുന്നതും രാജാവിന്റെ ‘ഹോബി’യായിരുന്നു. മൈസൂരു പ്രവിശ്യയിലെ നാൽവഡി കൃഷ്ണരാജ വൊഡയാർ നാലാമനെപ്പറ്റിയാണ് (1884–1940) ഈ പറയുന്നത്. മൈസൂരുവിന്റെ ഇരുപത്തിനാലാമത്തെ രാജാവായിരുന്നു കൃഷ്ണരാജ വൊഡയാർ. 1902ൽ രാജകിരീടം ഏറ്റുവാങ്ങുമ്പോൾ അദ്ദേഹത്തിനു പ്രായം വെറും 18. പിന്നീട് അൻപത്തിയാറാമത്തെ വയസ്സിൽ വിട പറയുമ്പോഴേക്കും മൈസൂരുവിന്റെ മുഖച്ഛായ തന്നെ മാറ്റിയിരുന്നു കൃഷ്ണരാജ. അതിനാൽത്തന്നെ അദ്ദേഹം അറിയപ്പെടുന്നതാകട്ടെ ആധുനിക മൈസൂരുവിന്റെ പിതാവ് എന്നും. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റെ കാലത്താണ് ആരംഭിക്കുന്നത്. വികസന നയങ്ങളാലും ജനത്തിനോടുള്ള സ്നേഹത്താലും എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത് ‘സാത്വികനായ രാജാവ്’ എന്നായിരുന്നു. മഹാത്മാഗാന്ധിയുടെ വരെ പ്രീതി പിടിച്ചുപറ്റിയ കൃഷ്ണരാജ ഇന്നും നമ്മുടെയെല്ലാം മനസ്സിൽ ഒരിക്കലും മായാത്ത മഷി പോലെ പറ്റിച്ചേർന്നിരിപ്പുണ്ട്. അതിനു കാരണമായതും ഒരു മഷിയാണ്. പറഞ്ഞുവരുന്നത് കൃഷ്ണരാജ ആരംഭിച്ച മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിനെപ്പറ്റിയാണ് (എംപിവിഎൽ). 1937ലാണ് ഈ കമ്പനിയുടെ തുടക്കം. ആരംഭത്തിലെ പേര് മൈസൂർ ലാക് ആൻഡ് പെയിന്റ് വർക്സ് ലിമിറ്റഡ്. ലാക് എന്നാൽ അരക്ക്. അന്ന് മൈസൂരുവിലെ കാടുകളിൽനിന്ന് വൻതോതിൽ പല തരത്തിലുള്ള ഉൽപന്നങ്ങള്‍ ശേഖരിച്ചിരുന്നു. ഇവയ്ക്ക് മികച്ച വില ലഭ്യമാക്കി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു രാജാവ്. അതിനു വേണ്ടിയാണ് കമ്പനി സ്ഥാപിച്ചതും.