സ്മൃതിയെ പേടിച്ചാണോ രാഹുൽ അമേഠി വിട്ടത്? വാധ്ര വന്നില്ല, പ്രിയങ്കയും! എത്ര സുരക്ഷിതം റായ്ബറേലി?
Mail This Article
20 വർഷം നീണ്ടുനിന്ന റായ്ബറേലി എന്ന മേൽവിലാസം ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് സോണിയ ഗാന്ധി ചുവടുമാറ്റുമ്പോൾ, റായ്ബറേലിയിലെ വോട്ടർമാർക്ക് എഴുതിയ അതിവൈകാരികമായ കത്തിൽ ഒരു വരിയുണ്ടായിരുന്നു. ‘‘എന്റെ ഹൃദയവും ആത്മാവും എക്കാലവും നിങ്ങൾക്കൊപ്പമുണ്ടാകും. പഴയതുപോലെ എന്നും എനിക്കും എന്റെ കുടുംബത്തിനുമൊപ്പമുണ്ടാകണം’’. ഗാന്ധി കുടുംബത്തിൽ നിന്നു തന്നെയൊരാൾ റായ്ബറേലിയിൽ മത്സരിച്ചേക്കും എന്ന് പറയാതെ പറഞ്ഞ ആ പ്രസ്താവന ശരിവച്ചുകൊണ്ട് കോൺഗ്രസ് റായ്ബറേലിയിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിക്കും എന്ന പ്രചാരണങ്ങൾക്ക്, അമേഠിയിലെ സ്ഥാനാർഥിയായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ.എൽ.ശർമ്മയെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് വിരാമമിടുകയും ചെയ്തു. വരുൺ ഗാന്ധിയുടെയും റോബർട്ട് വാന്ധ്രയുടെയും പേരു വരെ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.