കനയ്യയുടെ ‘കയ്യിൽ’ കാശില്ല, വണ്ടിയില്ല, ബിജെപി എതിരാളി കോടിപതി: ഡൽഹിയിലെ ‘ബിഹാറി’ ഏറ്റുമുട്ടൽ
Mail This Article
‘ഹാഥി ഘോടാ പാൽക്കി, ജയ് കനയ്യ ലാൽ കി...’. ആനയും കുതിരയും പല്ലക്കുകളുമെത്തി, കനയ്യ ലാൽ ജയിക്കട്ടെ എന്ന ഭജൻ പാടിയാണു കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആൾക്കൂട്ടം ആനയിച്ചുകൊണ്ടു പോകുന്നത്. ദ്വാരകയിലേക്കു വരുന്ന ശ്രീകൃഷ്ണനാണു വടക്കേയിന്ത്യൻ പാട്ടിലെ നായകൻ. ആരവങ്ങൾക്കു നടുവിൽ നിന്ന് 'ഐ ആം കനയ്യ കുമാർ, ലോർഡ‍് കൃഷ്ണ വാസ് ബോൺ ഇൻ ജയിൽ. യു ആൾസോ സെന്റ് മി ടു ജയിൽ' എന്നു കനയ്യ കുമാർ വിളിച്ചു പറയുന്നു. മുൻപ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചതിനു മോദിയെ ചൂണ്ടിയാണു പരാമർശം. അതു കേട്ടതോടെ ധം ധം ധം ധാണ്ഡിയാരെ, ദേഘോ ആയാ കനയ്യാരെ, സബ്കാ പ്യാരാ...എന്നാർത്തു വിളിക്കുന്ന ജനക്കൂട്ടം. ‘ജോർ സെ ബോലോ ആസാദി’ എന്നാവർത്തിച്ചു പാടി രാജ്യമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പഴയ കനയ്യ കുമാറല്ല ഇപ്പോൾ ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ കനയ്യ കുമാർ. ഭരണഘടനയെ സംരക്ഷിക്കാൻ സർവമത പ്രാർഥന നടത്തിയിറങ്ങിയ കനയ്യ കുമാറാണിത്. ഹിന്ദു, സിഖ്, മുസ്‌ലിം, ക്രൈസ്തവ, ബുദ്ധ പുരോഹിതൻമാരുടെ സാന്നിധ്യത്തിൽ സവർമത പ്രാർഥനയും ഹവനവും നടത്തിയാണു കനയ്യ കഴിഞ്ഞ ദിവസം പത്രിക നൽകാനിറങ്ങിയത്. അഞ്ചു വർഷം മുൻപ് ചെങ്കൊടിയേന്തിയ ചുവപ്പു പടയുടെ ആവേശക്കുതിപ്പിനൊപ്പം അരിവാൾ നെൽക്കതിരുള്ള ഷാൾ തോളിൽ ചുറ്റി ബിഹാറിൽ വോട്ട് തേടിയ ഒരു കനയ്യ കുമാറുണ്ട്. അതിൽനിന്നു പാടെ മാറി കോൺഗ്രസ്, ആം ആദ്മി പാർട്ടി ചിഹ്നങ്ങൾ പതിച്ച ഷാളുകൾ ഇഴപരിച്ചു കഴുത്തിൽ ചുറ്റിയ കനയ്യ കുമാറിനെയാണ് ഡൽഹിയിൽ കണ്ടത്. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നുയർന്നു വന്ന് രണ്ടാം തവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കനയ്യ കുമാറിന്റെ രണ്ടു തിരഞ്ഞെടുപ്പു കാലങ്ങളിലൂടെയാണ് ഈ യാത്ര.