‘മോദിയുടെ ആ പ്രസംഗത്തിന് നടപടി എടുത്തോ? ബിജെപി രണ്ടക്കം കടക്കില്ല; കേരളം എന്റെ വോട്ടർമാരിൽ മാറ്റം വരുത്തി’
Mail This Article
ബംഗാളിൽ മറ്റാരു ജയിച്ചാലും തൃണമൂൽ കോൺഗ്രസ് നിരയിൽ നിന്ന് മഹുവ മൊയ്ത്ര ജയിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. പാർലമെന്റിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും നിർഭയം ആക്രമിക്കുന്ന മഹുവയെ തോൽപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ വരെ കൃഷ്ണനഗറിലെത്തി. പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട മഹുവയുടെ വീട്ടിലും ഓഫിസിലും തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വരെ സിബിഐ റെയ്ഡ് നടത്തി. പക്ഷേ ഇതുകൊണ്ടൊന്നും മഹുവ കുലുങ്ങുന്നില്ല. കൃഷ്ണനഗർ ബൂത്തിലേക്ക് നടക്കുമ്പോൾ മഹുവ പറയുന്നു, ‘‘ബിജെപി ഇത്തവണ ബംഗാളിൽ രണ്ടക്കം കടക്കാൻ കഷ്ടപ്പെടും. നിങ്ങൾ നോക്കിക്കോളൂ’’. സാധാരണ രാഷ്ട്രീയക്കാരുടെ പ്രചാരണം പോലെയായിരുന്നില്ല മഹുവ മൊയ്ത്ര എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ റോക്ക് സ്റ്റാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. സെലിബ്രിറ്റി എന്ന സ്റ്റാറ്റസ് മഹുവയ്ക്കുണ്ട്. എന്നാൽ പത്തു വർഷത്തിലധികം കൃഷ്ണനഗറിൽ പാർട്ടി പ്രവർത്തനം നടത്തിയ പരിചയവുമുണ്ട്. മറ്റു സെലിബ്രിറ്റി രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മണ്ഡലത്തിലെത്തി റോഡ് ഷോ നടത്തി മടങ്ങുമ്പോൾ മണ്ഡലത്തിലെ ജനങ്ങളെ പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട് മഹുവയ്ക്ക്. ബൂത്ത് തലത്തിൽ വരെ മഹുവ അറിയാതെ ഒന്നും നടക്കില്ല. തൃണമൂൽ ജില്ലാ പ്രസിഡന്റ് കൂടിയായ മഹുവയെ വീഴ്ത്താൻ കൃഷ്ണനഗർ രാജകുടുംബാംഗമായ രാജമാതാ എന്ന വിളിപ്പേരുള്ള അമൃത റോയിയെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.