ഭർത്താവിന്റെ ദുരൂഹമരണം: സീതയുടെ ബിജെപി ‘എൻട്രി’ ഭയന്നിട്ട്? ‘ഗുരുജി’യുടെ അനുഗ്രഹത്തോടെ കൽപന: മുഖ്യമന്ത്രിയാകാൻ ‘ബഹു’യുദ്ധം!
Mail This Article
2009 മേയ് 21ന് രാവിലെയാണ് ദുർഗ സോറൻ മരിച്ചതായി ബൊക്കോറോ സദർ ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിക്കുന്നത്. ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ അമരക്കാരനായ ഷിബു സോറന്റെ രാഷ്ട്രീയ പിന്തുടർച്ചാവകാശിയായി ജാർഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് വരുമെന്ന് കരുതിയിരുന്ന മകൻ ദുർഗ സോറന്റെ 39–ാം വയസ്സിലെ അപ്രതീക്ഷിത മരണം സോറൻ കുടുംബത്തിൽ വരാനിരിക്കുന്ന രാഷ്ട്രീയ കലഹങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഉറക്കത്തിൽ മസ്തിഷ്കാഘാതം വന്ന് മരിച്ചതാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. പിന്നീട് തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും കിടക്കയിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നുമുള്ള മൊഴികൾ വെളിപ്പെട്ടു. ദുർഗ സോറന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം അക്കാലത്ത് ആദ്യം ഉന്നയിച്ചത് ബിജെപി ആയിരുന്നു. മരണം നടന്ന് 14 വർഷം കഴിയുമ്പോൾ, ദുർഗ സോറന്റെ ചോരയും നീരുമായിരുന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ ഭാര്യ സീത സോറനും അതേ ആവശ്യം മുന്നോട്ടുവച്ചു; ‘ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അന്വേഷിക്കണം’. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സീത സോറൻ ദുർഗയുടെ മരണശേഷം ആദ്യമായി രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ 35 വയസ്സായിരുന്നു പ്രായം.