യുപിയിൽ മോദിയും പ്രിയങ്കയും ലക്ഷ്യമിടുന്നത് ആ ‘വോട്ടു ബാങ്ക്’: ‘രാഹുൽ 2 തവണയെങ്കിലും വന്നിരുന്നെങ്കിൽ...’
Mail This Article
ഇന്ദ്രപ്രസ്ഥത്തിലെ അധികാര സിംഹാസനത്തിലേക്കു വഴി തുറക്കുന്നത് ഉത്തർ പ്രദേശിലൂടെയാണെന്നാണ് ദേശീയ രാഷ്ട്രീയത്തിലെ പഴമൊഴി. 80 ലോക്സഭാ സീറ്റുകളുള്ള യുപി ആരു പിടിക്കുന്നോ അവരാണ് ഇന്ത്യ ഭരിക്കുകയെന്നത് അപൂർവം ചില സമയത്തൊഴികെ യാഥാർഥ്യമായിട്ടുണ്ടു താനും. നരേന്ദ്ര ദാമോദർദാസ് മോദി എന്ന നേതാവിന്റെ ജനപ്രീതിയുടെ ആഴമറിയണമെങ്കിൽ ഉത്തർപ്രദേശിലൂടെ സഞ്ചരിച്ചാൽ മതിയെന്നാണ് കഴിഞ്ഞ ഒരു ദശകത്തോളമുള്ള അനുഭവപാഠം. എന്നാലിത്തവണ വിലക്കയറ്റവും തൊഴിലില്ലായ്മയും ആ പ്രഭാവത്തിനു ചെറിയ മങ്ങലേൽപിച്ചില്ലേ എന്ന് യുപി ഗ്രാമങ്ങളിലെ സാധാരണക്കാരുടെ പ്രതികരണം കണ്ടാൽ ആർക്കും തോന്നാം. റായ്ബറേലിയിൽ മത്സരിച്ചതോടെ ഉത്തരേന്ത്യയെ ഉപേക്ഷിച്ചില്ലെന്ന രാഹുൽ ഗാന്ധിയുടെ സന്ദേശത്തിനും അഖിലേഷ് യാദവിന്റെ കുറിക്കു കൊളളുന്ന പരിഹാസ ശരങ്ങൾക്കും ഇത്തവണ മോദിയോളം ജനപ്രീതി കിട്ടുന്നുണ്ട്. എന്നിരുന്നാലും വോട്ടു ചെയ്താൽ അത് മോദിക്കു തന്നെ എന്നതാണ് പൊതുവേ അടുത്ത കാലത്ത് യുപിയിൽ കണ്ടുവരുന്ന രീതി. അതിനു പ്രധാന കാരണം ബിജെപിയോടുള്ള താൽപര്യത്തേക്കാളേറെ പകരം വയ്ക്കാൻ വേറാരുമില്ല എന്ന രാഷ്ട്രീയ സത്യമാണ്. സംസ്ഥാന തലത്തിൽ അഖിലേഷ് യാദവും മായാവതിയുമൊക്കെ ഓപ്ഷനായുണ്ടെങ്കിലും ദേശീയ തലത്തിൽ വരുമ്പോൾ സാധാരണ യുപിക്കാരന് മോദിയല്ലാതെ വേറെ ആരെക്കുറിച്ചും പറയാനില്ല. അതിന് ഇത്തവണ മാറ്റമുണ്ടാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യ മുന്നണിയുടെ ഉത്തർപ്രദേശിലെ നേട്ടങ്ങളുടെ പട്ടികയുടെ നീളം.