ഭാഗ്യം! 12 സീറ്റെങ്കിലും കിട്ടി; ബിജെപിയുടെ ബംഗാൾ സ്വപ്നങ്ങൾ തല്ലിക്കെടുത്തി മമത
Mail This Article
പേരിൽ മമതയുണ്ടെങ്കിലും എതിരാളികളോട് ഒരു മമതയും കാട്ടാത്ത നേതാവെന്നാണ് ബംഗാളിലെ മമത ബാനർജിയുടെ വിശേഷണം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം കൂടി വന്നതോടെ ആ ‘മമതയില്ലായ്മ’യുടെ ഫലം എതിരാളികൾ ശരിക്കും അറിഞ്ഞു. ‘ഇന്ത്യാ’ മുന്നണിയോട് കൂട്ടുകൂടിയപ്പോഴും സ്വന്തം ‘വീടാ’യ ബംഗാളിൽ ഒറ്റയ്ക്ക് നിൽക്കാനാണ് അവർ തീരുമാനിച്ചത്. ഫലം വന്നപ്പോൾ മമതയുടെ ആ തീരുമാനം ശരിയുമായി. ബംഗാളിലെ 42 സീറ്റുകളിൽ 29ഉം നേടിയാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മോദിയുടെ എൻഡിഎയ്ക്ക് വൻ തിരിച്ചടി സമ്മാനിച്ചത്. അതേസമയം ഇടതുമുന്നണിയും കോൺഗ്രസും സഖ്യത്തിലൂടെ മത്സരിച്ചിട്ടും മമതയുടെ പോരാട്ടത്തിനു മുന്നിൽ കാലിടറി. ആകെ ലഭിച്ച ഒരു സീറ്റുകൊണ്ട് ഇന്ത്യാ മുന്നണിക്ക് തൃപ്തിപ്പെടേണ്ടിയും വന്നു. ഒരുകാലത്ത് സംസ്ഥാനത്തെ പ്രമാണിമാരായിരുന്ന ഇടതുപക്ഷത്തിന് സംസ്ഥാനത്ത് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. ബിജെപിയുടെ കാര്യമാണ് അതിലും കഷ്ടം.