മോദി മന്ത്രിസഭയിലെ ‘യുവേൾഡ്’ കോടീശ്വരൻ: നായിഡുവിന്റെ ‘പൊൻ’സാനി’: ‘കയ്യിൽ കാശേറെ, ഇനി ജനങ്ങളെ സേവിക്കണം’
Mail This Article
സസ്പെൻസുകളോ സർപ്രൈസുകളോ ഒന്നും അധികം എടുത്തുപറയാനില്ലാതെയായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്കെത്തിയത്. മിക്കവരും മന്ത്രിസഭയിലെ പരിചിത മുഖങ്ങൾ. എന്നാൽ സഹമന്ത്രിമാരുടെ പട്ടികയിലേക്ക് വന്നപ്പോൾ വെള്ള ഷർട്ടും കടുംനിറത്തിലുള്ള ഓവർകോട്ടും ധരിച്ച് ഘനഗംഭീര സ്വരത്തിൽ ഓക്സഫഡ് ഇംഗ്ലിഷിൽ സത്യപ്രതിജ്ഞ ചെയ്ത് ഒരാൾ. മോദിയുടെ മൂന്നാം സർക്കാരിനെ താങ്ങിനിർത്തുന്ന ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുടെ എംപി ഡോ. പെമ്മസാനി ചന്ദ്രശേഖർ. മന്ത്രിസഭയിൽ പുതുമുഖമാണെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണ സമയത്തുതന്നെ പെമ്മസാനി വാർത്തകളിൽ ഇടംനേടിയിരുന്നു. കൃത്യമായി പറഞ്ഞാൽ നാമനിർദേശ പത്രിക സമർപ്പിച്ച അന്നുമുതൽ. അതെങ്ങനെയെന്നല്ലേ? എടുത്തുപറയാൻ തക്ക രാഷ്ട്രീയ പാരമ്പര്യമോ ക്രിമിനൽ കേസുകളുടെ എണ്ണമോ കൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാർഥി എന്ന ‘തലക്കന’ത്തിലാണ് പെമ്മസാനി സ്ഥാനാർഥിനിരയിൽ പേരെടുത്തത്. തന്റെ കന്നിയങ്കത്തിൽ തന്നെ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എംപിയായി ലോക്സഭയിൽ എത്തിയ അദ്ദേഹം ഇപ്പോഴിതാ മോദി മന്ത്രിസഭയിലും അംഗമായിരിക്കുന്നു. എടുത്തുപറയാൻ തക്ക രാഷ്ട്രീയ നേട്ടങ്ങൾ പോലും സ്വന്തം പേരിരില്ലാത്ത പെമ്മസാനി എങ്ങനെയാണ് ആദ്യ അവസരത്തിൽതന്നെ ലോക്സഭയിലേക്കു ജയിച്ചതും മന്ത്രിസഭയിൽ അംഗമായതും? യുഎസിൽ ഡോക്ടറായ, വിദേശത്ത് വീടും ഇട്ടുമൂടാനുള്ള സ്വത്തുവകകളുമുള്ള, ആയിരത്തോളം കമ്പനികളിൽ നിക്ഷേപമുള്ള പെമ്മസാനി എന്തിനാണ് അതെല്ലാം വിട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്? എന്തുകൊണ്ടാണ് ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചത്? പണം കൊടുത്ത് സീറ്റു വാങ്ങിയവരും, പണമുള്ളതുകൊണ്ടു മാത്രം ഒറ്റരാത്രി കൊണ്ട് സ്ഥാനാർഥികളായവരുമുള്ള ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ ശതകോടികളുടെ ആസ്തിയുള്ള പെമ്മസാനി ഒരു വേറിട്ട മുഖമാണോ?