സേനയിലെ മാറ്റം പറഞ്ഞ് മോദിയുടെ ‘പ്രതിരോധം’; ‘തോൽവി അംഗീകരിക്കൂ; സ്വയം നിയന്ത്രിക്കൂ’
Mail This Article
അഴിമതിക്കെതിരെ എടുത്ത ശക്തമായ നടപടികളും വികസനവുമാണ് എൻഡിഎയെ മൂന്നാമതും അധികാരത്തിലെത്തിച്ചത്. ജനസേവനമാണു ദൈവസേവനമെന്ന മുദ്രാവാക്യം ജനം അംഗീകരിച്ചു. 2014 വരെ ഒരു രൂപയിൽ 85 പൈസയും ഉദ്യോഗസ്ഥർ അടിച്ചുമാറ്റുകയായിരുന്നു. 15 പൈസ മാത്രമാണു യഥാർഥ ഗുണഭോക്താവിനു ലഭിച്ചിരുന്നത്. എൻഡിഎ സർക്കാർ അഴിമതി തീർത്തും തുടച്ചുനീക്കി. അഴിമതി കാരണം കഷ്ടപ്പെട്ടവർക്ക് അത് ആശ്വാസമായി. രാജ്യത്തിനാണ് ഒന്നാം സ്ഥാനം നൽകിയത്. പദ്ധതികളുടെ പൂർണപ്രയോജനം സാധാരണ ജനങ്ങൾക്കു ലഭിക്കുന്നു. ശക്തിപ്പെടുത്താൻ മാത്രമല്ല, ജനങ്ങളെ സംതൃപ്തരാക്കാനുമാണു ശ്രമം. നിരാശബാധിച്ച, പ്രതീക്ഷ നഷ്ടപ്പെട്ട യുവസമൂഹമായിരുന്നു 2014നു മുൻപ് ഇന്ത്യയിലുണ്ടായിരുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്നായിരുന്നു അവരുടെ തോന്നൽ. അതു മാറി. ഇപ്പോഴവർക്കു രാജ്യത്തെ ഭരണത്തിൽ വിശ്വാസമുണ്ട്. അവരുടെ സത്യസന്ധതയും പരസ്പരസ്നേഹവും സൗഹൃദവുമൊക്കെ അടിസ്ഥാനമാക്കി, അവരുടെ കഴിവുപയോഗിച്ച് വികസിത ഭാരതമെന്ന സ്വപ്നം യാഥാർഥ്യമാക്കും. മൂന്നാമത്തെ ഭരണത്തിലൂടെ മൂന്നു മടങ്ങു ഗുണവും വേഗവും മാറ്റവുമുണ്ടാക്കുകയാണു ലക്ഷ്യം. മൊബൈൽ ഫോണിന്റെ ഉൽപാദനം വൻതോതിൽ വർധിച്ചു; കയറ്റുമതിത്തോതും ഉയർന്നു. അടിസ്ഥാനസൗകര്യ വികസനത്തിൽ ഇതുവരെ ഇത്രയധികം നിക്ഷേപമുണ്ടായിട്ടില്ല. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ജി20 ഉച്ചകോടിക്കെത്തിയവർ പോലും അംഗീകരിച്ചു.