നിർമല വിളമ്പി ‘ആന്ധ്ര മീൽസ്’; നടുക്കഷ്ണം നിതീഷിന്; ‘പേടിച്ച്’ ഡബിൾ എൻജിൻ ഓഫാക്കി മോദി?
Mail This Article
അധികാരം കിട്ടിയ ശേഷമുള്ള സർക്കാരിന്റെ ആദ്യബജറ്റിനെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനുള്ളതായാണ് പൊതുവേ വിലയിരുത്താറുള്ളത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. പക്ഷേ അത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും നൽകിയ ‘വാഗ്ദാനങ്ങൾ’ പാലിക്കാനുള്ളത് ആയിരുന്നോ എന്നു മാത്രം സംശയിക്കേണ്ടിയിരിക്കുന്നു. ലോക്സഭയിൽ തുടരെത്തുടരെ ഈ രണ്ടു സംസ്ഥാനങ്ങളുടേയും പേരുകൾ മാറിമാറി വിളിച്ചാണ് നിർമല ഓരോ പദ്ധതിയും പ്രഖ്യാപിച്ചത്. കേന്ദ്രം ഭരിക്കുന്ന പാർട്ടി സംസ്ഥാനവും ഭരിച്ചാൽ അത് ഡബിൾ എൻജിൻ സർക്കാരാവുമെന്നും അവിടേക്ക് വികസനം ഒഴുകുമെന്നും ഒട്ടേറെ സംസ്ഥാനങ്ങളിലെ ബിജെപി തിരഞ്ഞെടുപ്പു റാലികളിൽ സംസാരിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ സർക്കാരിന്റെ ഭാഗമായ നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും വാരിക്കോരി ബജറ്റിൽ ശതകോടികൾ നൽകിയപ്പോൾ ഉത്തർപ്രദേശ് അടക്കമുള്ള, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പേരുകൾ പോലും നാമമാത്രമായിട്ടാണ് നിർമലയുടെ നാവിൽ വന്നത്. അതേസമയം കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാവട്ടെ കടുത്ത നിരാശയും. പ്രതിപക്ഷം പറഞ്ഞപോലെ ഇത് പ്രധാനമന്ത്രിക്കസേര രക്ഷിക്കാനുള്ള 'കുർസി ബച്ചാവോ' ബജറ്റാണോ? ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റിൽ അമിത പ്രാധാന്യമാണോ ലഭിച്ചത്? വിശദമായി പരിശോധിക്കാം.