‘മോദി ഓഹരി’കളെയും തകർത്ത് നിർമലയുടെ ബജറ്റ്; നഷ്ടം 1.82 ലക്ഷം കോടി; രക്ഷപ്പെട്ടത് ഏതെല്ലാം ഓഹരികൾ?
Mail This Article
കേന്ദ്ര ബജറ്റിനു തൊട്ടുതലേന്ന്, ജൂലൈ 22ന്, പുറത്തുവന്ന സാമ്പത്തിക സർവേ–2024 ഓഹരി വിപണിക്കു നൽകിയ പ്രതീക്ഷകൾ ചെറുതൊന്നുമായിരുന്നില്ല. വിപണിയിലെ ആ മുന്നേറ്റം നിലനിർത്താനും ഒരുപക്ഷേ കുതിച്ചുയരാനും സഹായിക്കുന്ന എന്തെങ്കിലുമൊക്കെ ബജറ്റിലും നിക്ഷേപകർ പ്രതീക്ഷിച്ചു. എന്നാൽ, ഇന്ത്യൻ വിപണികളെ സംബന്ധിച്ചിടത്തോളം ബജറ്റ് അവതരണ ദിവസമായ ജൂലൈ 23 നഷ്ടങ്ങളുടെ ദിനമായിരുന്നു. ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ വരുമ്പോൾ ഓഹരി വിപണികളെല്ലാം വൻ ഉണർവിലായിരുന്നു. എന്നാൽ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങുമ്പോൾ നേരിയ മുന്നേറ്റത്തിലായിരുന്ന വിപണി അരമണിക്കൂറിനകം താഴോട്ടു പോയി. ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് ധനമന്ത്രി പുറത്തുവരുമ്പോഴേക്കും പ്രധാന സൂചികകളെല്ലാം വൻ ഇടിവ് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതേസമയം, വൻ തകർച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.35 ആയപ്പോഴേക്കും വീണ്ടും ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 12:30ന് ബജറ്റ് പ്രസംഗം അവസാനിക്കുമ്പോൾ സെൻസെക്സ് 1229.67 പോയിന്റ് നഷ്ടത്തിൽ 79,272.41 എന്ന നിലയിലായിരുന്നു. നിഫ്റ്റി50യിൽ 409.35 പോയിന്റ് ഇടിഞ്ഞ് 24,099.90ലേക്കും കൂപ്പുകുത്തി. വിപണിയുടെ പ്രതീക്ഷകൾ നിറവേറ്റാൻ ബജറ്റിനു സാധിച്ചില്ലെന്നതു വ്യക്തം. രാജ്യത്തെ ഭൂരിഭാഗത്തിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നതായിരുന്നില്ല ബജറ്റ് എന്നാണ് പൊതുവികാരം. ഇതു തന്നെയാണ് വിപണിയിലും പ്രകടമായതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. മൂലധനനിക്ഷേപം വർധിപ്പിക്കാനോ ക്ഷേമപരിപാടികള്‍ ശക്തിപ്പെടുത്താനോ വേണ്ടതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. ഇതും വിപണിയെ ബാധിച്ചു. എന്താണ് ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ സംഭവിച്ചത്? ഏതൊക്കെ ഓഹരികാളാണ് നേട്ടമുണ്ടാക്കിയതും നഷ്ടത്തിലായതും?