‘ഇംഗ്ലിഷ് പഠനം ഇങ്ങനെ മതിയോ’; വേണം അധ്യാപകർക്കും ‘പരീക്ഷ’; ഖാദർ കമ്മിറ്റി റിപ്പോർട്ടും വെളിച്ചം കാണില്ലേ?
Mail This Article
സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായി ഏറ്റവും നിര്‍ണായക മാറ്റങ്ങള്‍ക്കു വഴിതുറക്കുന്ന ശുപാര്‍ശകള്‍ നല്കി ഡോ.എം.എ.ഖാദര്‍ കമ്മിറ്റി രണ്ടു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ‘തത്വത്തില്‍’ അംഗീകരിച്ചെങ്കിലും നടപ്പാക്കുന്നത് അനിശ്ചിതമായി വൈകാനാണ് സാധ്യത. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു. സ്കൂള്‍ സമയമാറ്റം സംബന്ധിച്ച് മതസംഘടനകളും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. എല്ലാവരുമായി ചർച്ച നടത്തി, റിപ്പോര്‍ട്ടിലെ നിര്‍ദേശം ഓരോന്നും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും എന്നാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ലയനത്തിനുള്ള ശുപാര്‍ശയും അധ്യാപകനിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് എന്ന ശുപാര്‍ശയും ഇപ്പോള്‍ നിലനില്‍ക്കുന്ന തസ്തികകളെ ബാധിക്കുമെന്ന ആശങ്കയാണ് അധ്യാപകസംഘടനകൾക്കുള്ളത്. വിദ്യാഭ്യാസ അവകാശ നിയമം (2009) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ചു പഠിക്കാനാണ് എസ്സിഇആര്ടി മുന്‍ ഡയറക്ടര്‍ ഡോ.എം.എ.ഖാദര്‍ അധ്യക്ഷനായി മൂന്നംഗ കമ്മിറ്റിയെ 2017 സെപ്റ്റംബറില്‍ സര്‍ക്കാര്‍ നിയോഗിച്ചത്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. ആറ് തവണ കാലാവധി നീട്ടിക്കൊടുത്ത ഖാദര്‍ കമ്മിറ്റി നാലര വര്‍ഷമെടുത്താണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്. 2019 ജനുവരിയിലാണ് റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം സമര്‍പ്പിച്ചത്. അതിലെ പല നിര്‍ദേശങ്ങളോടും കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ഇവയെല്ലാം എങ്ങനെ നടപ്പാക്കുമെന്നതില്‍ വ്യക്തത വരുത്തുന്നതും അക്കാദമിക കാര്യങ്ങളിലെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും രണ്ടാം ഭാഗത്തിലാണ്.