ഹിസ്ബുല്ലയെ മറയാക്കി ഇറാൻ; ‘ആയുധങ്ങളും പണവും തന്നാൽ മതി’: ‘വലിയ’ യുദ്ധ ഭീതിയിൽ മധ്യപൂർവദേശം?
Mail This Article
സൂപ്പർ‘താര’ങ്ങളുടെ യുദ്ധഭൂമിയായി മാറുകയാണോ മധ്യപൂർവദേശം? ഓഗസ്റ്റ് അഞ്ചിന് യുഎസ് സെൻട്രൽ കമാൻഡിന്റെ തലവൻ ജനറൽ മൈക്കൽ കുറില്ല ഇസ്രയേലിലും റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുമെത്തിയതോടെ ലോകം ആകാംക്ഷയുടെ മുൾമുനയിലായിരുന്നു. അപമാനത്തിനു നേരിട്ടു തിരിച്ചടി നൽകുന്നതിനു പകരം ലബനനിലെ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുല്ലയെ മുന്നിൽ നിർത്തി ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്റെ നീക്കം. പുതിയ ഇറാൻ പ്രസിഡന്റ് നേരിട്ടുള്ള യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ പ്രതികാരം ചെയ്യുകയും വേണം– ഇതാണ് നിലവിൽ ഇറാന്റെ അവസ്ഥ. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നാകട്ടെ ഇസ്രയേലിനു നേരെ ആക്രമണങ്ങളും ആരംഭിച്ചിട്ടുണ്ട്. വടക്കന്‍ ഇസ്രയേലിലെ പ്രദേശങ്ങൾക്കു നേരെയാണ് ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇവയിൽ ഏറെയും ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്. ഇനിയും ആക്രമണം തുടരുമെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല വ്യക്തമാക്കി. ‘ഇസ്രയേലിനെ ഇല്ലാതാക്കുകയല്ല മറിച്ച്, ഇസ്രയേൽ അതിന്റെ ലക്ഷ്യങ്ങൾ നേടുന്നതിൽനിന്ന് തടയുകയാണ് ലക്ഷ്യം. ഇറാനും സിറിയയും തുറന്ന യുദ്ധത്തിന്റെ ഭാഗമാകരുത്. മറിച്ച് ആയുധ–സാമ്പത്തിക–നയതന്ത്ര സഹായങ്ങൾ മാത്രം ഹിസ്ബുല്ലയ്ക്കു നല്‍കിയാൽ മതി’– നസ്രല്ല വ്യക്തമാക്കുന്നു. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിലെങ്ങും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശിച്ചു. ആക്രമണമുണ്ടായാൽ ഒളിക്കാനുള്ള സുരക്ഷിത താവളങ്ങൾക്കും അഭയകേന്ദ്രങ്ങള്‍ക്കും സമീപം വേണം താമസിക്കേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.