പ്രതീക്ഷ തകർത്ത് ഇസ്രയേലിന്റെ 2 ആവശ്യം; ഇത് ‘അവസാന അവസരം’; മരീചികയെന്ന് ഹമാസ്; യുദ്ധഭീതി നൽകി ‘ടോട്ടൽ വിക്ടറി’
Mail This Article
10 മാസമായി തുടരുന്ന ഇസ്രയേൽ– പലസ്തീൻ സംഘർഷം അവസാനിപ്പിച്ച് മധ്യപൂർവേഷ്യയിൽ സമാധാനം പുലരാനുള്ള അവസാന അവസരം എന്നായിരുന്നു ദോഹ ഉച്ചകോടിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ സമാധാന പ്രതീക്ഷകളെ വീണ്ടും ഓഗസ്റ്റ് അവസാന വാരത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ് ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ. ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച കൂടുതൽ ചർച്ചയ്ക്കായി ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽ വീണ്ടും കാണാം എന്ന തീരുമാനത്തിൽ ദോഹ ഉച്ചകോടി പിരിഞ്ഞിരിക്കുന്നു. പക്ഷേ, മധ്യസ്ഥരായ യുഎസും ഖത്തറും ഈജിപ്തും പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. കയ്റോയിലെ ചർച്ച കഴിയും വരെ ഇസ്രയേലിനെ ആക്രമിക്കരുതെന്നു ഖത്തർ ഇറാനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വെടിനിർത്തൽ കരാറിനോട് ഏറ്റവും അടുത്തെത്തിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത് ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുക, ഹമാസ് തടവിൽ വച്ചിട്ടുള്ള ഇസ്രയേലി പൗരന്മാരെയും ഇസ്രയേൽ തടവിലാക്കിയിട്ടുള്ള പലസ്തീൻ പൗരന്മാരെയും വിട്ടയയ്ക്കുക എന്ന നിർദേശമാണ് യുഎസ് മുന്നോട്ടു വച്ചത്. ഈ നിലപാട് ഇരുപക്ഷത്തെയും കൊണ്ട് അംഗീകരിപ്പിക്കാൻ അവർ മാസങ്ങളായി നയതന്ത്രവും സമ്മർദവും ഉപയോഗിക്കുന്നു. പരിശ്രമങ്ങളുടെ പരിസമാപ്തി എന്ന നിലയിലാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ചർച്ച തീരുമാനിച്ചത്. ബൈഡൻ ഉൾപ്പെടെയുള്ളവർ പ്രതീക്ഷയിലുമായിരുന്നു. അമേരിക്കൻ നിർദേശത്തോടു തത്വത്തിൽ ഇറാനും ഹമാസും യോജിപ്പു പ്രകടിപ്പിച്ചിരുന്നു. ഇസ്രയേലും വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഒരുക്കമാണ്. എന്നാൽ ഇസ്രയേൽ പുതുതായി ഉന്നയിച്ച രണ്ട് ആവശ്യങ്ങളിലാണ് ചർച്ച വഴിമുട്ടിയത്.