ആ നടി ആള് ‘മി ടൂ’ ആണെന്നു പറഞ്ഞു: മലയാളത്തിൽ ഏറ്റവും പ്രമുഖ സിനിമാ സംഘത്തിന്റെ ‘മാഫിയ’; മുന്നിൽ ഒരു നടൻ
Mail This Article
‘തുടക്കത്തിൽ പല മൊഴികളും പ്രസ്താവനകളും വിശ്വസിക്കാൻ പോലുമായില്ല. ചിലതെല്ലാം ആരോപണമാണെന്നു പോലും സംശയിച്ചു പോയി. എന്നാൽ ഓരോ ദിവസവും കഴിയുംതോറും, കൂടുതൽ പേരോടു സംസാരിക്കുംതോറും, കേട്ടതെല്ലാം സത്യമാണെന്നു തെളിഞ്ഞു. വ്യക്തമായ തെളിവോടെത്തന്നെയാണ് അത് മനസ്സിലായത്...’ ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച് പരിഹാര നടപടികൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റിയിലെ ചില വാക്കുകളാണിത്. കമ്മിറ്റിക്കു പോലും ‘അവിശ്വസനീയം’ എന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള കാര്യങ്ങളാണ് പലരും മൊഴിയായി നൽകിയത്. അതിൽ ഏറ്റവും പ്രമുഖമായത് സിനിമാ മേഖലയിലെ ഒരു പവർ ഗ്രൂപ്പിനെ കുറിച്ചായിരുന്നു. ഈ മാഫിയ മലയാള സിനിമയിൽ നിലനിൽക്കുന്ന കാലം വരെ ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസി) കൊണ്ടു പോലും കാര്യമില്ലെന്നത് വ്യക്തമാണ്. മലയാള സിനിമയിൽ ഐസിസി എങ്ങനെയാണ് അപ്രസക്തമാകുന്നതെന്നും ഹേമ കമ്മിറ്റി പറയുന്നു. ആരാണ് ഈ പവർഗ്രൂപ്പ് എന്നതിന്റെ വ്യക്തമായ സൂചനകളും സമിതി റിപ്പോർട്ടിലുണ്ട്.