പോളണ്ടിനെ ‘രക്ഷിച്ച’ ഗുജറാത്തിന്റെ മഹാരാജാ; യൂറോപ്പിലേക്ക് കളം മാറ്റി മോദി; യുദ്ധക്കളമായ യുക്രെയ്നിൽ ‘മാസ് എൻട്രി’
Mail This Article
1979ലായിരുന്നു അവസാനമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിച്ചത്. പിന്നീട് 45 വർഷം എല്ലാ പ്രധാനമന്ത്രിമാരും ഈ യൂറോപ്യൻ രാജ്യവുമായി ‘അകലം’ പാലിച്ചു. എന്തായിരുന്നു അതിന്റെ കാരണമെന്നത് ഇന്നും അവ്യക്തം. നാലു പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശനത്തിനെത്തുകയാണ്. അതും, ആ രാജ്യം അതിർത്തി പങ്കിടുന്ന യുക്രെയ്നിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത്. 45 വർഷത്തെ ഇടവേള, യുക്രെയ്നിലെ യുദ്ധം... ഇവ രണ്ടുമാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനം ഏറെ ശ്രദ്ധയാകർഷിക്കാനുമുള്ള കാരണം. തുടർച്ചയായി മൂന്നാമതും 2024ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് മാസം കഴിയുമ്പോൾ മൂന്നാമത്തെ വിദേശയാത്രയ്ക്കാണ് നരേന്ദ്ര മോദി ഡൽഹി വിടുന്നത്. അയൽരാജ്യങ്ങളിൽ ആദ്യ സന്ദർശനം നടത്തുന്ന മുൻപതിവുകൾ അപ്പാടെ ഉപേക്ഷിച്ച് ഇറ്റലിയിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയയാത്ര. ജി7 ഉച്ചകോടിയുടെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മോദി ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് തിരഞ്ഞെടുത്തതും യൂറോപ്പിനെയാണ്. ജൂലൈമാസം റഷ്യയിലും ഓസ്ട്രിയയിലുമാണ് മോദി എത്തിയത്. വിദേശ സന്ദർശനത്തിനായി മൂന്നാമതും യൂറോപ്പിനെ ലക്ഷ്യമിട്ടാണ് ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനം ഉയർന്നത്.