സിനിമാ ഡയലോഗുകളിൽ വിജയ് ഒളിപ്പിച്ചു ആ രഹസ്യം; കമൽഹാസന് മാതൃകയിൽ വരും മെഗാസഖ്യം? വില്ലനായി തമിഴ് ‘താര’വും
Mail This Article
തമിഴ്നാട്ടിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനത്തിൽ, വീടിനു മുന്നിലെ പടുകൂറ്റൻ ഗേറ്റ് തുറന്ന് വിജയ് സൈക്കിളിൽ പാഞ്ഞപ്പോൾ മുതൽ ചൂടുപിടിച്ചതാണു ദളപതിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള പല പ്രവചനങ്ങൾ. അഭിനയിക്കുന്ന സിനിമകളിലെ തീപാറുന്ന ഡയലോഗുകൾ വഴി ജിഎസ്ടിയേയും മരുന്നുവിലയേയും രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും കുത്തിനോവിക്കാൻ തുടങ്ങിയതോടെ പലർക്കും പൊള്ളി. തമിഴകം അപ്പോഴേ ഏതാണ്ട് ഉറപ്പിച്ചു; ദളപതി വരും തമിഴ്നാടിനെ നയിക്കാൻ. ഏറ്റവും ഒടുവിൽ, നാളെയുടെ വോട്ടർമാരായ വിദ്യാർഥികളെ ചേർത്തു പിടിച്ച് അഭിനന്ദിച്ച് എങ്ങനെയുള്ള വോട്ടർമാരാകണമെന്ന് അവരെ ഉപദേശിച്ചപ്പോഴും വീണ്ടും സജീവമായി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം. ഒടുവിൽ, സസ്പെൻസിനു വിരാമമിട്ട് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. ‘വിജയ് മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന സജീവമാണെങ്കിലും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ്, അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുൾപ്പെടുത്തി ‘തമിഴക വെട്രി കഴകം’ (തമിഴക വിജയ സംഘം– ടിവികെ) എന്ന പാർട്ടി റജിസ്റ്റർ ചെയ്തു കഴിഞ്ഞു. 2021ൽ 9 ജില്ലകളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആരാധക സംഘടന 115 സീറ്റുകളിൽ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല. ചിത്രീകരണം പുരോഗമിക്കുന്ന ‘ഗോട്ട് (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം)’ എന്ന ചിത്രത്തിലൂടെ അഭിനയത്തോട് വിട പറയുമെന്നാണു താരത്തിന്റെ പ്രഖ്യാപനം. സംസ്ഥാന പര്യടനം നടത്തി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പദ്ധതി. അതേസമയം, തിരൈ താരങ്ങളെ വാഴിച്ചും വീഴിച്ചുമുള്ള പാരമ്പര്യം പേറുന്ന തമിഴകത്തിൽ വിജയ് വാഴുമോ വീഴുമോ...?