സ്വർണഖനിയിൽ വരെ ഉണ്ടയില്ലാ വെടികൾ; രാഹുലിന്റെ ഡിഎൻഎ ചോദ്യംചെയ്ത അന്‍വർ; സിപിഐയുടെ വില്ലന്‍, സിപിഎമ്മിന് നായകൻ?
Mail This Article
എടവണ്ണ ഒതായിയിലെ പുത്തൻവീട്ടിൽ ജവാഹർ ലാൽ നെഹ്‌റു സന്ദർശിക്കുന്നത് 1962ലാണ്. സ്വാതന്ത്ര്യ സമര സേനാനിയും എഐസിസി അംഗവുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോഴാണ് നെഹ്റു പരമ്പരാഗത കോൺഗ്രസ് കുടുംബമായ ഷൗക്കത്തലിയുടെ വീട് സന്ദർശിച്ചത്. നാലു വർഷങ്ങൾക്കു ശേഷം അതേ വീട്ടിലാണ് ഷൗക്കത്തലിയുടെ മകനായി പി.വി. അൻവറിന്റെ ജനനം. വർഷങ്ങൾക്കു ശേഷം, നെഹ്റുവിന്റെ പിൻതലമുറക്കാരൻ രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പി.വി. അൻവർ ആവശ്യപ്പെട്ടത് വൻ വിവാദമായിരുന്നു. നെഹ്റുവിന്റെ പഴയ സന്ദർശനം ഓർമയിലുള്ള പലരും ആ പ്രസ്താവന കേട്ട് തെല്ല് അമ്പരന്നു കാണുമോ ? അതുകൊണ്ടാകണം മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അൻവർ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ആരും അമ്പരക്കാത്തത്. മുഖ്യമന്ത്രിയെ സന്ദർശിച്ചതോടെ അൻവർ വഴങ്ങിയെന്ന് എല്ലാവരും കരുതി. മണിക്കൂറുകൾക്കുള്ളിൽ അത് തെറ്റെന്ന് അൻവർ തെളിയിച്ചു. ക്രൈംത്രില്ലർ സിനിമകളെ വെല്ലുന്ന വെളിപ്പെടുത്തലുകൾ അൻവർ നടത്തുമ്പോൾ അദ്ദേഹത്തിന്റെ പഴയ ചില പ്രഖ്യാപനങ്ങളെക്കുറിച്ച് ഓർക്കുന്നുവരുമുണ്ട്.