‘ഘടകം ഘടകം’ വഴി ഒഴിവാക്കി കേന്ദ്ര കമ്മിറ്റിയിൽ! നേപ്പാളിനെ രക്ഷിച്ച യച്ചൂരി ഫോർമുല! ധിഷണയുടെ വിജയഗാഥ
Mail This Article
ബ്രാഞ്ചിൽ തുടങ്ങി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച് നേതൃനിരയിലെത്തുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളിലെ പതിവുരീതി. പഴയകാല നേതാക്കളുടെയെല്ലാം ജീവിതരേഖയിൽ ഈ ‘ഘടകം ഘടകം വഴി’യുള്ള പ്രവർത്തനം രേഖപ്പെടുത്തിക്കാണാറുണ്ട്. എന്നാൽ, അതിനു വിപരീതമായി ലോക്കൽ കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ പ്രവർത്തിക്കാതെ, ഏതെങ്കിലും സംസ്ഥാന ഘടകത്തെ നയിക്കാതെ 32–ാം വയസ്സിൽ സിപിഎമ്മിന്റെ പരമോന്നത നയരൂപീകരണ സമിതിയായ കേന്ദ്രകമ്മിറ്റിയിലേക്ക് എടുത്തുയർത്തപ്പെട്ട നേതാവായിരുന്നു സീതാറാം യച്ചൂരി. ജന്മനാടായ ആന്ധ്രയിലെ ജനസ്വാധീനമോ കമ്യൂണിസ്റ്റ് പൈതൃകമോ അദ്ദേഹത്തിനു മൂലധനമായുണ്ടായിരുന്നില്ല. ആദർശാധിഷ്ഠിത കാഴ്ചപ്പാടിനും ധിഷണയ്ക്കും പുറമേ ഏതു സാഹചര്യത്തോടും ഒത്തുപോകാനുള്ള വഴക്കവും യച്ചൂരിയെ മറ്റ് കമ്യൂണിസ്റ്റ് നേതാക്കളിൽ നിന്നു വ്യത്യസ്തനാക്കി. സാമ്രാജ്യത്വ വിരുദ്ധ, വർഗീയ വിരുദ്ധ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, കമ്യൂണിസ്റ്റുകാർ ഗണനീയ ശക്തിയല്ലാത്ത ഇന്ത്യയുടെ തലസ്ഥാനനഗരത്തിൽ അദ്ദേഹം തലയുയർത്തിനിന്നു.