ജാതിക്കുടുമ മുറിച്ചു മാറ്റിയ മനുഷ്യൻ; അസാധ്യമായവ നേടിയെടുക്കുന്ന ‘അമ്മയുടെ മിടുക്കൻ’; യച്ചൂരി, ചെങ്കിനാവിന്റെ സഖാവ്!
Mail This Article
മാർക്സിസം എന്നു കേൾക്കുന്നതിന് ഏറെ മുൻപേ, മനുഷ്യനു സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചായിരുന്നു ഹൈദരാബാദ് ഓൾ സെയിന്റ്സ് സ്കൂളിൽ പഠിക്കുന്ന 9 വയസ്സുകാരന്റെ സംശയം: ശൂന്യാകാശത്ത് കനമില്ലാതാകുന്ന മനുഷ്യൻ ഭൂമിയിലെത്തിയാൽ കനം തിരിച്ചുകിട്ടുമോ? ആദ്യ ഗഗനചാരി യൂറി ഗഗാറിൻ ഭൂമിയിലിറങ്ങി, ഏഴാം മാസം ഹൈദരാബാദിലെത്തിയപ്പോൾ വിമാനത്താവളത്തിൽവച്ച് അദ്ദേഹത്തെ അമർത്തിത്തൊട്ട് സംശയം മാറ്റിയ പയ്യന് ഒരു നീണ്ട പേരായിരുന്നു: യച്ചൂരി വെങ്കട്ട സീതാരാമ റാവു. കനമുള്ള ആശയങ്ങൾ തലയിലേറിത്തുടങ്ങിയപ്പോൾ, ആദ്യം മുറിച്ചുമാറ്റിയത് പേരിലെ ജാതിക്കുടുമയാണ്. അങ്ങനെയാണ്, സീതാറാം യച്ചൂരിയായതും മനുഷ്യജാതിയുടെ മാത്രം ഭാഗമായതും. രാജ്യസഭയിലെ വിടവാങ്ങൽ പ്രസംഗത്തിൽ യച്ചൂരിയുടെ ഒരു ചോദ്യം ജാതിയെക്കുറിച്ചായിരുന്നു: ‘ഞാൻ ജനിച്ചത് മദ്രാസിലാണ്, തെലുങ്കു സംസാരിക്കുന്ന ബ്രാഹ്മണ കുടുംബത്തിൽ. സ്കൂൾ പഠനം ഇസ്‌ലാമിക സംസ്കാരത്താൽ സമ്പന്നമായ ഹൈദരാബാദിൽ. ഞാൻ വിവാഹം ചെയ്തത് ഒരു സൂഫിയുടെ മകളെയാണ്. ഭാര്യയുടെ അമ്മ മൈസൂരു പശ്ചാത്തലമുള്ള രാജ്പുത് കുടുംബത്തിൽനിന്നാണ്. ഞങ്ങളുടെ മകൻ എങ്ങനെ അറിയപ്പെടും? ബ്രാഹ്മണനെന്നോ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ? ഇന്ത്യക്കാരൻ എന്നല്ലാതെ ഞങ്ങളുടെ മകനെ എങ്ങനെ വിശേഷിപ്പിക്കും?’ അല്ലാതെയെന്ത് എന്നു മാത്രം ആർക്കും ഉത്തരമുള്ള ആ ചോദ്യവും കഴിഞ്ഞ് പാർലമെന്റ് സെൻട്രൽ ഹാളിനു സമീപത്തെ സ്മോക്കേഴ്സ് ചേംബറിലെത്തിയ യച്ചൂരിയോട് ഈ ലേഖകൻ ചോദിച്ചു: