ആ വലിയ പാഠം യച്ചൂരിയെ പഠിപ്പിച്ചത് സുർജിത്ത്; അൻസാരിയും പ്രശംസിച്ചു, ‘ഇത് ചരിത്രം’; എഴുത്തും സമരവും എന്നും ശക്തി
Mail This Article
സ്വാതന്ത്ര്യാനന്തരകാലത്തെ ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ യച്ചൂരി ഗ്രാമം. വേദമന്ത്രങ്ങൾ ഉരുക്കഴിച്ചും ബ്രാഹ്മണ്യത്തിന്റെ ശീലുകൾ കടുകിട തെറ്റാതെ പാലിച്ചും ജീവിക്കുന്ന തെലുങ്ക് ബ്രാഹ്മണ ജനത. തത്വജ്ഞരായ വേദവേദാംഗ ബ്രാഹ്മണരുടേതടക്കം സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള എല്ലാവരുടെയും പേരിനൊപ്പം യച്ചൂരി എന്ന ദേശപ്പേരും കൂട്ടിക്കെട്ടിയിരുന്നു. രാഷ്ട്രീയ, സമകാലിക വിഷയങ്ങളോട് അകലം പാലിച്ച് ഉന്നത ഉദ്യോഗങ്ങളിലേക്ക് ആൺ, പെൺ വ്യത്യാസമില്ലാതെ പഠിച്ചു കയറുക എന്നതായിരുന്നു നാട്ടുകാർ കാലങ്ങളായി തുടരുന്ന ശീലം. വികസന കാര്യത്തിലെ അസമത്വങ്ങൾക്കെതിരെ ആന്ധ്രയാകെ തീപിടിപ്പിച്ചുകൊണ്ട് 1968– 69ൽ തെലങ്കാന പ്രക്ഷോഭം പടർന്നപ്പോഴും യച്ചൂരിക്കാർ പതിവു നിസ്സംഗത തുടർന്നു. പ്രക്ഷോഭത്തിൽ വിദ്യാർഥികളടക്കം മുന്നൂറോളം പേർ കൊല്ലപ്പെട്ടതോടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചു. മക്കളുടെ പഠനത്തിനു മറ്റെന്തിനേക്കാളും പ്രാധാന്യം നൽകിയിരുന്ന യച്ചൂരിയിലെ ബ്രാഹ്മണ സമൂഹം അതോടെ കുട്ടികളുടെ തുടർപഠനത്തിനുള്ള വഴികൾ തിരഞ്ഞിറങ്ങി. സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജീനിയറായിരുന്ന സർവേശ്വര സോമയാജലു യച്ചൂരിയും സർക്കാരുദ്യോഗസ്ഥയായിരുന്ന ഭാര്യ കൽപകവും നിലവിലെ പരിതസ്ഥിതിയിൽ മകൾ സീതാറാമിന്റെയും ഭീംശങ്കറിന്റെയും തുടർപഠനം ഇനി നാട്ടിൽ വേണ്ട എന്നു തീരുമാനിച്ചത് അപ്പോഴാണ്. കേന്ദ്ര സർവീസിലേക്കു സോമയാജലു യച്ചൂരിക്കു ഡപ്യൂട്ടേഷൻ ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി.