അതിഷിയെ കാത്ത് ജാർഖണ്ഡ് മോഡൽ ‘പണി’? കടിഞ്ഞാൺ കേജ‍്‍രിവാളിന്റെ കയ്യില്‍; തകർന്നത് ആ നേതാക്കളുടെ സ്വപ്നം
Mail This Article
ത്രേതായുഗത്തിൽ ഭഗവാൻ ശ്രീരാമൻ അയോധ്യയിലെ രാജ്യാധികാരം ഉപേക്ഷിച്ച് 14 വർഷത്തെ വനവാസത്തിനു പുറപ്പെട്ടപ്പോൾ സഹോദരൻ ഭരതൻ തൽക്കാലത്തേക്ക് അധികാരമേറ്റെടുത്തു. എന്നാൽ, ശ്രീരാമനോടുള്ള ബഹുമാനവും ഭക്തിയും കാരണം ഭരതൻ ഒരിക്കലും രാജസിംഹാസനത്തിൽ ഉപവിഷ്ടനായില്ല. പകരം ശ്രീരാമന്റെ പാദുകം സിംഹാസനത്തിൽ പ്രതിഷ്ഠിച്ചാണ് ഭരതൻ രാജ്യം ഭരിച്ചത്. ത്രേതായുഗത്തിൽ അധികാരം ഉപേക്ഷിച്ച് വനവാസത്തിനു പോയ ശ്രീരാമനെയും കലിയുഗത്തിലെ അരവിന്ദ് കേജ‍്‍രിവാളിനെയും താരതമ്യം ചെയ്താണ് രാഷ്ട്രീയ വനവാസം അതിജീവിക്കാൻ ആം ആദ്മി പാർട്ടി (എഎപി) കരുക്കൾ നീക്കുന്നത്. ശ്രീരാമൻ രാജ്യാധികാരം ഉപേക്ഷിക്കാൻ തീരുമാനിച്ചതിനു പ്രേരകമായ ചില ഘടകങ്ങൾ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള കേജ‍്‍രിവാളിന്റെ തീരുമാനത്തിലും നിഴലിക്കുന്നതായാണ് എഎപിയുടെ യുവ നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജിന്റെ കണ്ടെത്തൽ. ഭഗവാൻ ശ്രീരാമനുമായി താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും രാഷ്ട്രീയ ധാർമികതയാണ് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള കേജ‍്‍രിവാളിന്റെ തീരുമാനത്തിനു പിന്നിലെ മുഖ്യഘടകമെന്നും അദ്ദേഹം അവകാശപ്പെടുന്നു.