ചൈനയെ വിറപ്പിക്കുന്ന കരുത്തൻ സ്‘ക്വാഡ്’; ഇന്ത്യയ്ക്ക് സൂനാമി നൽകിയ കൂട്ട്; അയൽപക്കത്തെ ‘മറക്കാനുള്ള’ മോദിയുടെ ധൈര്യം?
Mail This Article
മോദി 3.O അധികാരമേറ്റ് 100 ദിവസം പൂർത്തിയാക്കിയ വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ വിദേശയാത്ര യുഎസിലേക്കാണ്. ആദ്യ മൂന്ന് യാത്രകളും യൂറോപ്പിലേക്കും, നാലാമത്തേത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമായിരുന്നു. ചൈനീസ് വേരുകൾ അനുദിനം വളരുന്ന അയൽരാജ്യങ്ങളിലേക്കുള്ള സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാവും? പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ശക്തരായ രാജ്യങ്ങളെ തേടുകയാണോ ഇന്ത്യ? ദൂരം കൊണ്ടും ലക്ഷ്യം കൊണ്ടും ഒരു വലിയ യാത്രയ്ക്കാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനം ഡൽഹിയിൽനിന്ന് പുറപ്പെട്ടത്. സെപ്റ്റംബർ 21 മുതൽ 23 വരെ മൂന്ന് ദിവസത്തെ യുഎസ് പര്യടനം. ഈ യാത്രയിൽ ഏറ്റവും പ്രധാനം ക്വാഡ് ഉച്ചകോടിയാണ്. വ്യത്യസ്തമായ നിലപാടുകൾ പിന്തുടരുന്ന നാല് രാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച കഥയാണ് ക്വാഡിന് പറയാനുള്ളത്. ഇന്ത്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്നതാണ് ക്വാഡ്. 2004ലെ സൂനാമി രക്ഷാപ്രവർത്തനത്തിൽ കൈകോർത്ത രാജ്യങ്ങൾ പിന്നീട് ഇന്തോ–പസിഫിക് മേഖലയിലെ സുരക്ഷയും പ്രതിരോധവും ലക്ഷ്യമാക്കി ഒന്നിച്ച ചരിത്രമാണ് ക്വാഡിനുള്ളത്. തുടക്കത്തിൽ ചൈന അവഗണിച്ച കൂട്ടായ്മ ഇന്നവരെ വിറളി പിടിപ്പിക്കുന്നു. ദക്ഷിണേഷ്യയിൽ ദുർബലരായ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി കടക്കെണിയിലാക്കി കൂടെക്കൂട്ടുന്ന ചൈനീസ് തന്ത്രത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യയ്ക്ക് ക്വാഡ്. ചൈനയ്ക്കു ചുറ്റിലും ശക്തിയും സമ്പത്തുമുള്ള പ്രബലരായ രാജ്യങ്ങളിലൂടെയാണ് ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി. വർഷങ്ങൾ കഴിയുന്തോറും ക്വാഡ് ശക്തമാവുന്നതും സംഘടിത ശക്തിയായി മാറുന്നതിനുമാണ് കാലം സാക്ഷിയാകുന്നത്. ചൈന ആരോപിക്കുന്നതുപോലെ ഭാവിയിൽ ക്വാഡ് ഒരു 'ഏഷ്യൻ നാറ്റോ' ആയി മാറുമോ? വിശദമായി പരിശോധിക്കാം.