‘കോടീശ്വരന്മാരെ’ സൃഷ്ടിക്കുന്ന ഇസ്രയേലിന്റെ രഹസ്യ സേന; മൊസാദിന്റെ വജ്രായുധം; ആ ഹമാസ് നീക്കവും അവർ അറിഞ്ഞിരുന്നു?
Mail This Article
രാപകൽ കൂടെ കൊണ്ടുനടക്കുന്ന ഫോണുകളെ പോലും ആശങ്കയോടെ നിരീക്ഷിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് രണ്ടു ദിവസമായി ലബനനിൽ നടന്ന സ്ഫോടനങ്ങൾ. പൊട്ടിത്തെറി ഭീതിയെത്തുടർന്ന് സ്മാർട് ഫോൺ ഉപേക്ഷിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. ആധുനിക യുദ്ധഭൂമിയിൽ കുഞ്ഞു പേജറുകൾ പോലും ജീവനെടുക്കുന്ന ബോംബുകളായി മാറുന്ന കാഴ്ചയാണ് ലബനനിൽ കണ്ടത്. ഈ ഭീതി ലബനനിൽ മാത്രം ഒതുങ്ങുന്നതല്ല, ടെക് ലോകം ഒന്നടങ്കം ആശങ്കയിലാണ്. പുതിയ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി സൈബർ ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ നേരത്തേതന്നെ വിജയം കൈവരിച്ചവരാണ് ഇസ്രയേൽ. പ്രത്യേകിച്ച് ഹിസ്ബുല്ല, ഹമാസ്, ഇറാൻ എന്നിവർക്കെതിരായ പോരാട്ടത്തിന് ഇസ്രയേൽ വൻ സൈബർ ആയുധങ്ങളാണ് പ്രയോഗിക്കുന്നത്. ഇതിന്റെ ചെറിയൊരു രൂപം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ കണ്ടത്. ഇത് തന്നെയാണ് വലിയ ആശങ്കയും. ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസ് ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന, ഹിസ്ബുല്ല പ്രവർത്തകർക്കു നേരെയുള്ള പേജർ, വോക്കി ടോക്കി സ്ഫോടനങ്ങൾക്ക് പിന്നിൽ സൈബർ യൂണിറ്റ് 8200 ആണെന്നാണ് റിപ്പോർട്ടുകൾ. മൊസാദിനും ഐഡിഎഫിനും (ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്) വേണ്ട സൈബർ സഹായങ്ങളെല്ലാം ഒരുക്കികൊടുക്കുന്നതും യൂണിറ്റ് 8200 തന്നെ. എങ്ങനെയാണ് യൂണിറ്റ് 8200 പ്രവർത്തിക്കുന്നത്? ഈ സംഘത്തിലേക്ക് എങ്ങനെയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്? ലബനൻ ആക്രമണത്തിൽ ഇവരുടെ പങ്കെന്ത്? യൂണിറ്റ് 8200 ഇതിന് മുൻപ് നടത്തിയ ദൗത്യങ്ങൾ ഏതൊക്കെ? ഹമാസ് ആക്രമണത്തിൽ ഇസ്രയേൽ രഹസ്യാന്വേഷണ സംഘത്തിന് സംഭവിച്ചതെന്ത്? പരിശോധിക്കാം.