അൻവറിനെ പൂട്ടാൻ നീക്കം; സിബിഐയെ കൊണ്ടുവരാൻ അജിത്കുമാർ? അനുമതി നൽകാൻ സർക്കാരും
Mail This Article
എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് സമർപ്പിക്കുന്നതിനു പിന്നാലെ പി.വി.അൻവർ എംഎൽഎക്ക് എതിരെ അന്വേഷണത്തിനു സർക്കാർ പച്ചക്കൊടി കാട്ടും. അൻവറിനെതിരെ നിയമനടപടിക്ക് അജിത്കുമാർ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. താൻ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാൽ ആരോപണമുന്നയിച്ചവർക്കെതിരെ സർക്കാർ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തണമെന്നാണ് അജിത്കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സർക്കാർ സ്വന്തമായി അന്വേഷിക്കുന്നതിനു പകരം അൻവറിനെതിരെ കോടതിയെ സമീപിക്കാൻ അജിത്തിന് അനുമതി നൽകാനാണ് ആലോചന. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് അജിത്കുമാർ ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഇന്നലത്തെ നിലപാടോടെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. അൻവർ ആവശ്യപ്പെട്ട നിയമവിരുദ്ധ കാര്യങ്ങൾ ചെയ്തുകൊടുക്കാത്തതിനാലാണ് തനിക്കെതിരെ ആരോപണമെന്ന് ഡിജിപി മൊഴിയെടുത്തപ്പോൾ അജിത്കുമാർ വ്യക്തമാക്കിയിരുന്നു.