ആ ‘മരണ മുന്നറിയിപ്പ് സന്ദേശം’ ആരുടെ? ‘സോണിക് ബൂം’ സൃഷ്ടിച്ച് ഇസ്രയേൽ പോർ വിമാനങ്ങൾ; തീമഴ പെയ്യിച്ച് 1400 ബോംബുകൾ
Mail This Article
‘ഹിസ്ബുല്ലയിൽ നിന്ന് രക്ഷപ്പെടാൻ വീട് വിട്ടിറങ്ങുക’ – സെപ്റ്റംബർ 23, പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് തെക്കൻ ലബനനിലെ ചിലരുടെ ഫോണിലേക്ക് ഇത്തരമൊരു മെസേജ് വന്നത്. ‘ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിച്ച കെട്ടിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുക, ആക്രമിക്കാൻ പോകുകയാണ്. ഹിസ്ബുല്ല പ്രവർത്തകരിൽ നിന്ന് മാറിനിൽക്കുക...’. ഇതായിരുന്നു രാവിലെ മുതൽ പലർക്കും ലഭിച്ച മെസേജുകൾ. പേജർ– വോക്കിടോക്കി സ്ഫോടനങ്ങളുടെ ഭീതി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ലബനനിൽ അതു സൃഷ്ടിച്ച ആശങ്ക ചെറുതായിരുന്നില്ല. പക്ഷേ ഓരോരുത്തരുടെയും ഫോണിലേക്കു വന്നത് ‘മരണത്തിന്റെ മുന്നറിയിപ്പ് മെസേജ്’ കൂടിയായിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. വൈകിട്ട് അഞ്ചോടെ ശക്തമായ ആക്രമണം തുടങ്ങി. തലയ്ക്ക് മുകളിലൂടെ പേടിപ്പെടുത്തുന്ന ‘സോണിക് ബൂം’ ശബ്ദത്തോടെ ഇസ്രയേൽ പോർവിമാനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ താഴെ ജനം ഭയന്നു വിറച്ചു ഓടുകയായിരുന്നു. ചിതറിവീഴുന്ന ബോംബുകൾ, ആളിക്കത്തുന്ന തീ, വാനോളം ഉയരുന്ന പുക, കത്തിക്കരിഞ്ഞ മാംസത്തിന്റെ ദുർഗന്ധം, ചീറിപ്പായുന്ന ആംബുലൻസുകൾ, നിശ്ചലമായ നഗരങ്ങൾ, ചിതറിയോടുന്ന മനുഷ്യർ... ഇതായിരുന്നു സ്ഥിതി. ലബനനിൽ ഒന്നിനുപിറകെ ഒന്നായി എന്താണ് സംഭവിക്കുന്നത്? എന്താണ് ഇസ്രയേലിന്റെ ലക്ഷ്യം? എങ്ങനെയാണ് ലബനനിലെ സാധാരണക്കാരുടെ വരെ മൊബൈൽ നമ്പറുകൾ ഇസ്രയേലിന് ലഭിച്ചത്? ഹിസ്ബുല്ല സാധാരണക്കാരുടെ വീടുകളിൽ ആയുധം സൂക്ഷിക്കുന്നുണ്ടോ? വിശദമായി പരിശോധിക്കാം.