വെട്ടിനിരത്തിയ ആയുധം തിരിഞ്ഞു കൊത്തി; അടുത്ത വർഷം മോദി ‘വിരമിക്കുമോ’? തുടരാനും കാരണങ്ങൾ പലതാണ്
Mail This Article
സെപ്റ്റംബർ 17ന് 74 വയസ് പൂർത്തിയായ നരേന്ദ്ര മോദിക്ക് ‘ആരോഗ്യകരമായ ദീർഘായുസ് നേർന്നുകൊണ്ട് ജന്മദിനം’ ആശംസിച്ച ലക്ഷക്കണക്കിന് ആളുകളിൽനിന്ന് വേറിട്ട് നിൽക്കുന്നതായിരുന്നു ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ആശംസ. കഴിഞ്ഞ ജൂണിലും ജയിൽ മോചിതനായി പുറത്ത് വന്നപ്പോൾ കേജ്‌രിവാൾ സംസാരിച്ചത് മോദിയുടെ പ്രായത്തെ കുറിച്ചായിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ അന്നത് രാജ്യം ചർച്ചചെയ്യുന്ന തരത്തിൽ കത്തിപ്പടർന്നു. ബിജെപിയുടെ രീതി അനുസരിച്ച് 75–ാം വയസ്സിൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും സ്വയം ഇറങ്ങുമെന്നും മോദി വോട്ട് ചോദിക്കുന്നത് അമിത്ഷായ്ക്ക് വേണ്ടിയാണെന്നും പിൻഗാമിയാവുന്നത് പ്രതീക്ഷിച്ച പോലെ യോഗി ആയിരിക്കില്ലെന്നുമായിരുന്നു ഡൽഹിയിൽ കേജ്‌രിവാൾ പ്രയോഗിച്ച മൂന്ന് മുനയുള്ള വെടി. തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കുമ്പോള്‍ രാജ്യം അതുവരെ ചർച്ച ചെയ്ത വിഷയങ്ങളുടെയെല്ലാം ഗതിമാറ്റി മോദിയുടെ പിൻഗാമിയെ പ്രവചിച്ച എഎപി സ്ഥാപക നേതാവിന്റെ വാക്കുകൾ. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി 74 വയസ് പൂർത്തിയാക്കി 75ലേക്ക് യാത്ര ചെയ്യുമ്പോൾ ഒരു വർഷത്തിനകം അദ്ദേഹത്തിന് പ്രായത്തിന്റെ പേരിൽ രാജിവയ്ക്കേണ്ട സാഹചര്യമുണ്ടോ? 75–ാം വയസ്സിൽ പദവികള്‍ ഒഴിയണമെന്നത് ബിജെപിയുടെ നയമാണോ? അങ്ങനെ വിരമിക്കുന്നവരെ ഉൾപ്പെടുത്തുന്നതാണോ മാർഗനിർദേശ് മണ്ഡൽ എന്ന പാർട്ടി സംവിധാനം? വിശദമായി പരിശോധിക്കാം.