ഒറ്റ രാത്രി, ഇസ്രയേലിലേക്ക് 181 മിസൈലുകൾ, തുടരെ സൈറൻ; തലയ്ക്കു മുകളിൽ ഇറാന്റെ ‘തീമഴ’, ജനം ബങ്കറിൽ; രക്ഷിക്കാൻ യുഎസും
Mail This Article
ഒക്ടോബർ 1 ചൊവ്വാഴ്ച, പ്രാദേശിക സമയം വൈകിട്ട് 7.30. ഇസ്രയേലിന്റെ പ്രധാന നഗരമായ ടെൽ അവീവിൽ തുടർച്ചയായി സൈറൻ മുഴങ്ങാന്‍ തുടങ്ങി. എല്ലാവരുടെയും ഫോണുകളിലേക്ക് ഒരു മുന്നറിയിപ്പ് സന്ദേശം വന്നു. അതിൽ ഇങ്ങനെ കുറിച്ചിരുന്നു: ‘നിങ്ങൾ ഉടൻതന്നെ സുരക്ഷിത പ്രദേശത്തേക്ക് മാറണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെ തുടരുക.’ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ (ഐഡിഎഫ്) ഹോം ഫ്രണ്ട് കമാൻഡ് അയച്ച സന്ദേശം ‘ജീവൻ രക്ഷിക്കാനുള്ള നിർദേശങ്ങൾ’ എന്ന വാചകത്തോടെയാണ് അവസാനിക്കുന്നത്. ഇറാനിൽ നിന്ന് ഒരു കൂട്ടം മിസൈലുകൾ ഇസ്രയേൽ ലക്ഷ്യം വച്ച് വരുന്നുവെന്ന മുന്നറിയിപ്പ് യുഎസ് ഉൾപ്പെടെ പുറത്തുവിട്ട് അൽപസമയം ആകുന്നതേയുള്ളൂ. അതോടെ ജനം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഓടിയൊളിച്ചു, വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം സജീവമായി. എന്തും നേരിടാൻ തയാറായി ഇസ്രയേൽ സൈന്യവും കാത്തിരുന്നു. മധ്യപൂർവേഷ്യയിൽ എങ്ങും യുദ്ധഭീതി പടർത്തുന്ന നീക്കങ്ങളാണ് ഒക്ടോബറിന്റെ തുടക്കത്തിൽതന്നെ സംഭവിക്കുന്നത്. ഒരു ഭാഗത്ത് ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുന്നു, ഏതു നിമിഷവും മിസൈൽ ആക്രമണം പ്രതീക്ഷിച്ചാണ് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും സൈന്യവും നിൽക്കുന്നത്. അതിനിടെയായിരുന്നു ഇറാന്റെ മിസൈൽ ആക്രമണം. എന്തായിരുന്നു ആ വ്യോമാക്രമണത്തിന്റെ ലക്ഷ്യം? ഏതൊക്കെ മിസൈലുകളാണ് ഇറാൻ ഉപയോഗിച്ചത്? ആക്രമണം നേരിടുന്നതിൽ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയിച്ചോ? യുഎസ് പ്രതിരോധം ഇസ്രയേലിനെ സഹായിച്ചോ? ഇറാനെതിരെ ഇസ്രയേൽ പ്രത്യോക്രമണം നടത്തുമോ? ഒട്ടേറെ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. എന്താണ് ഒക്ടോബർ ഒന്നിനു രാത്രി സംഭവിച്ചത്? വിശദമായി പരിശോധിക്കാം.