75 വർഷത്തിനു ശേഷവും മായാതെ ഭാര്യയ്ക്ക് എഴുതിയ ആ കത്ത്; പാക് സൈന്യത്തെയും സംശയിച്ചു; മഞ്ഞിനു താഴെ ഇനിയും 92 പേർ
Mail This Article
എന്തിനും ഏതിനും ആഗോളതാപനത്തെ പഴിക്കുന്ന രീതി വർധിച്ചു വരികയാണ്. എന്നാൽ ഇവിടെ പറയാൻ ശ്രമിക്കുന്നത് താപനത്തിന്റെ ഒരു കാണാപ്പുറത്തെക്കുറിച്ചാണ്. ഹിമാലയത്തിൽ അഞ്ചരപതിറ്റാണ്ട് മുമ്പ് ഉണ്ടായ വിമാനദുരന്തത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും മഞ്ഞുപാളികളെ തുടച്ചു മാറ്റി പുറത്തുവന്ന വാർത്തയാണ് ഇതിന് ആധാരം. ആൽപ്സ് പർവത നിരയിലെ മോണ്ട് ബ്ലാങ്ക് മഞ്ഞുമലയിൽ ഇടിച്ച് 1966ൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങളും ഇപ്പോൾ ധാരാളമായി കണ്ടെടുക്കുന്നു. എന്താണ് ഇതിനു പിന്നിലെ ശാസ്ത്രസത്യം? 1971 മുതൽ 2002 വരെ 30 വർഷത്തെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ 0.77 ഡിഗ്രി സെൽഷ്യസ് മുതൽ 0.86 ഡിഗ്രി വരെ ശരാശരി താപനില ഹിമാലയത്തിൽ മാത്രം വർധിച്ചു. ആൽപ്സ് പർവതനിരകളിലെ മഞ്ഞും താപനം മൂലം ഉരുകുന്നു. ഇങ്ങനെ മഞ്ഞുരുകുമ്പോൾ കാലം മൂടി വച്ച പലതും പുറത്തേക്കു വെളിപ്പെട്ടു വരുന്നു. ദുരന്തങ്ങളിൽപ്പെട്ടും അല്ലാതെയും മഞ്ഞുമൂടിപ്പോയ രഹസ്യങ്ങളും സമസ്യകളും മറനീക്കി പുറത്തുവരുന്നു. ഉയരമേറിയ പർവതങ്ങളിൽ, ആഗോള താപനത്തിൽ മഞ്ഞുരുകുന്നതുമൂലം ഹിമജലത്തടാകങ്ങളും മറ്റും രൂപപ്പെടുന്നതായാണ് കണ്ടെത്തൽ. ഇവ നിറഞ്ഞു കവിയുന്നതോടെ ജലത്തിനു പിടിച്ചു നിൽക്കാൻ കഴിയാതെ വരികയും മഞ്ഞുതടാകം അണപൊട്ടിയൊഴുകി പ്രളയവും മണ്ണിടിച്ചിൽ ദുരന്തവും ഉണ്ടായേക്കാമെന്നും ഹിമാലയൻ ഭൗമഘടനയെപ്പറ്റി പഠിക്കുന്ന ഗവേഷകരും സ്ഥാപനങ്ങളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.