ഇറാന്റെ രഹസ്യാന്വേഷണ മേധാവിയും മൊസാദിന്റെ ‘സ്പൈ’; മുക്കിലും മൂലയിലും ചാരന്മാർ; നിഗൂഢം ഇസ്രയേൽ അട്ടിമറികള്‍
Mail This Article
‘ഇസ്രയേൽ ഏജന്റുമാരെ നേരിടാൻ ലക്ഷ്യമിട്ട് രൂപീകരിച്ച ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവൻതന്നെ മൊസാദ് ചാരനായിരുന്നു, സംഘത്തിൽ നിരവധി പേർ ഒരേസമയം ഇറാനും ഇസ്രയേലിനും വേണ്ടി പ്രവർത്തിച്ചു’– ലബനനിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാന്റെ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് നടത്തിയ ഈ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെ 20 ഏജന്റുമാർ ഇസ്രയേലിന് വേണ്ടി പ്രവർത്തിക്കുന്നവരായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ മൊസാദിന്റെ രഹസ്യ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയിരുന്നത്, എന്നാൽ അവർ ആ രാജ്യത്തിന്റെ രഹസ്യങ്ങളെല്ലാം കൃത്യമായി മൊസാദ് ആസ്ഥാനത്തും എത്തിച്ചു. ഇറാനിലെ ഓരോ വിവരങ്ങളും ആ നിമിഷം തന്നെ ഇസ്രയേൽ എങ്ങനെ അറിയുന്നു എന്നതിന് ഇതിനുമപ്പുറം വേറെന്തു തെളിവു വേണം! ഇടക്കിടെ പ്രമുഖരുടെ കൊലപാതകങ്ങൾ, സ്ഫോടനങ്ങൾ, സൈബർ ആക്രമണം... ഇതാണ് ഇറാന്റെ ഇപ്പോഴത്തെ അവസ്ഥ. ശത്രു രാജ്യത്തിന്റെ ചാരൻമാർ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി ഇറാൻ മാറിയിരിക്കുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും മൊസാദിന്റെ ചാരക്കണ്ണുണ്ടെന്ന് പറയുമ്പോൾ ഇറാനിൽ സുരക്ഷ എന്ന വാക്കിന് എത്രത്തോളം പ്രസക്തിയുണ്ട്