ബിജെപിയെ ജയിപ്പിച്ചത് 5 സീറ്റിലെ ‘തോൽവി’; ഇനിയില്ല ഹരിയാനയിൽ ‘ആയാറാം ഗയാറാം’; ജാട്ട് കോട്ടകളിലും നില തെറ്റി
Mail This Article
‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തെ ഹരിയാന കൈവിട്ടിരിക്കുന്നു. പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ച് പരസഹായമില്ലാതെ ഭരിക്കാൻ ബിജെപിക്ക് ഹരിയാന ഹാട്രിക് വിജയം നൽകുമ്പോൾ, പതിറ്റാണ്ടുകളായുള്ള കാലുമാറ്റ രാഷ്ട്രീയത്തിന്റെ പേരുദോഷത്തിനു കൂടിയാണ് അന്ത്യമാവുന്നത്. കോൺഗ്രസിന്റെ മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോളുകളെയെല്ലാം നിഷ്പ്രഭമാക്കിയാണ് ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം. ജമ്മു കശ്മീരിലെ ഭേദപ്പെട്ട പ്രകടനവും ബിജെപിക്ക് ആശ്വാസം നൽകുമ്പോൾ, ഹരിയാനയിലെ പരാജയം കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ്. എക്സിറ്റ് പോളുകൾ ഒരിക്കൽ കൂടി തകർന്നു വീഴുന്നതും ഹരിയാനയിൽ കണ്ടു. 2014ൽ നേടിയ 47 സീറ്റും മറികടന്ന് വ്യക്തമായ ഭൂരിപക്ഷം ഹരിയാനയിൽ ഉറപ്പിക്കാനായത് നരേന്ദ്ര മോദിക്കും ബിജെപി നേതൃത്വത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. തൊട്ടടുത്ത് തലസ്ഥാനമായ ഡൽഹിയിൽ 2025ലും മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഈ വർഷവും നടക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്കു കൂടുതൽ കരുത്തും ആത്മവിശ്വാസവും പകരുന്നതുകൂടിയാണ് ഹരിയാനയിലെ തുടർച്ചയായ മൂന്നാം ജയം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ തകർന്നടിഞ്ഞ ബിജെപി മാസങ്ങൾക്കിപ്പുറം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയതെങ്ങനെയാണ്? ഗ്രൂപ്പ് പോരാണോ കോൺഗ്രസിന് വിനയായത്?