ജയശങ്കർ പാക്കിസ്ഥാനിൽ; ‘ശത്രുരാജ്യത്തേക്ക്’ എന്തിന് മോദി അയച്ചു! ആവർത്തിക്കുമോ സുഷമ നൽകിയ ‘സർപ്രൈസ്’
Mail This Article
സ്വന്തം നഗരത്തിന്റെ പേരിട്ട കൂട്ടായ്മയെ നിയന്ത്രിക്കുന്നത് ചൈന, സമ്മേളനം നടക്കുന്നതോ പാക്കിസ്ഥാനിലും. എന്നിട്ടും ഇന്ത്യ പങ്കെടുക്കുന്നു. ഒക്‌ടോബർ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) യോഗത്തിന്റെ കാര്യമാണ് പറയുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. 2015ന് ശേഷം ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ആദ്യ പാക്കിസ്ഥാൻ യാത്ര. 2015ൽ സുഷമ സ്വരാജാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാക്കിസ്ഥാനിൽ എത്തിയത്. അന്നത്തെ സുഷമയുടെ യാത്ര ഇന്ത്യ–പാക്ക് ബന്ധത്തിൽ വലിയ മാറ്റത്തിനാണ് വഴിമരുന്നിട്ടത്. ഇതിന്റെ തുടർച്ചയായിരുന്നു റഷ്യ–അഫ്ഗാൻ സന്ദർശനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങവേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം അപ്രതീക്ഷിതമായി ലഹോറിൽ ലാൻഡ് ചെയ്തത്.
ഉച്ചകോടിക്കായി ഇനി പാക്കിസ്ഥാനിലേക്ക് പോകേണ്ട എന്ന 2016ലെ ഇന്ത്യയുടെ തീരുമാനം കാരണമാണ് ഇന്ത്യയും അയൽരാജ്യങ്ങളും ചേർന്നുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജനൽ കോ ഓപറേഷന്റെ (സാർക്ക്) ഉച്ചകോടി വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത്. അവിടെയാണ് ചൈനയുടെ പൂർണ നിയന്ത്രണത്തിലായ എസ്‌സിഒ യോഗത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ പ്രതിനിധി ഇപ്പോൾ പോകുന്നത്. നിലവിൽ പാക്കിസ്ഥാനുമായി ഉഭയകക്ഷിബന്ധങ്ങളിൽ യാതൊരു താൽപര്യവും കാട്ടാത്ത നരേന്ദ്ര മോദി സർക്കാർ എന്തിനാവും വിദേശകാര്യ മന്ത്രിയെ അങ്ങോട്ട് അയയ്ക്കുന്നത്. എസ്‌സിഒ ഇന്ത്യയ്ക്ക് ഇത്ര വിലപ്പെട്ടതാണോ? എങ്കിൽ എന്താണ് എസ്‌സിഒ? ഈ കൂട്ടായ്മയിൽ എങ്ങനെയാണ് ഇന്ത്യ എത്തപ്പെട്ടത്? എസ്‌സിഒയിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെയാണ്? വിശദമായി പരിശോധിക്കാം.
∙ തുടക്കം ഒരു ‘ഹൈ ഫൈ’ കൂട്ടായ്മ
സ്കൂള്‍ പഠനകാലം കഴിഞ്ഞ് വഴിപിരിഞ്ഞവർ ഏറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന റീയൂണിയനുകളുടെ കാലമാണ് ഇപ്പോള്‍. ഇതുപോലെ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന നാല് രാജ്യങ്ങൾ 1996ൽ ഒന്നിച്ചു, മുന്നിൽ ചൈനയും. റഷ്യ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ മുൻ സോവിയറ്റ് രാജ്യങ്ങളാണ് ചൈനയ്‌ക്കൊപ്പം പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. അഞ്ച് രാജ്യങ്ങളുടെ ഈ കൂട്ടായ്മ ഷാങ്ഹായ് ഫൈവ് എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യങ്ങൾ തമ്മിൽ ഇത്തരം കൂട്ടായ്മകൾ രൂപീകരിക്കുന്നത് പല ലക്ഷ്യങ്ങളോടെയാവും. ഷാങ്ഹായ് ഫൈവ് രൂപമെടുത്തത് പ്രധാനമായും സുരക്ഷ മുൻനിർത്തിയായിരുന്നു.
1991ൽ സോവിയറ്റ് യൂണിയൻ 15 സ്വതന്ത്ര രാജ്യങ്ങളായി മുറിഞ്ഞപ്പോൾ ഉടലെടുത്ത തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളെ നിലയ്ക്ക് നിർത്താനും മധ്യേഷ്യയിൽ സുരക്ഷ ഉറപ്പുവരുത്താനും ഷാങ്ഹായ് ഫൈവ് പ്രതിജ്ഞ എടുത്തു. ഈ കൂട്ടായ്മയിലെ മിക്ക രാജ്യങ്ങളുമായും ചൈനയ്ക്ക് അതിർത്തി പ്രശ്നവും ഉണ്ടായിരുന്നു. അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മയിൽ പിറന്ന ഷാങ്ഹായ് ഫൈവ് വർഷങ്ങൾ കഴിയുന്തോറും വലുതായി വന്നു. ഇന്ന് 10 രാജ്യങ്ങളുടെ കൂട്ടായ്മയായി മാറി. ഒപ്പം പേരിലും പ്രവർത്തന രീതിയിലും മാറ്റമുണ്ടായി.
∙ അഞ്ചിൽ നിന്നും പത്തിലേക്ക്, കൂട്ടത്തിൽ ഇന്ത്യയും
കേവലം അഞ്ച് വർഷത്തെ പ്രവർത്തനംകൊണ്ട് ഷാങ്ഹായ് ഫൈവിലേക്ക് അംഗത്വം നേടാൻ കൂടുതൽ രാജ്യങ്ങൾ താൽപര്യം കാട്ടി. ഇതോടെ 2001 ജൂൺ 15ന് ചൈനയിലെ ഷാങ്ഹായിയിൽ വച്ചുനടന്ന വാർഷിക കൂടിക്കാഴ്ചയിൽ ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) എന്ന പേര് സ്വീകരിച്ചു. മധ്യേഷ്യൻ രാജ്യമായ ഉസ്ബെക്കിസ്ഥാനാണ് ആറാമത്തെ അംഗമായി എസ്‌സിഒയിലേക്ക് കടന്നുവന്നത്. സുരക്ഷയുടെ പേരിലാണ് രൂപീകരിച്ചതെങ്കിലും വൈകാതെ സംഘടന പ്രവർത്തനമേഖലയും വലുതാക്കി. സാമ്പത്തികം, വ്യാപാരം, ബാങ്കിങ്, സംസ്കാര കൈമാറ്റം തുടങ്ങിയ പുതുമേഖലകളിലേക്ക് സഹകരണം നീണ്ടു. 2002 സെപ്റ്റംബറിൽ റഷ്യയിൽ നടന്ന ഉച്ചകോടിയിലാണ് എസ്‌സിഒ ഔദ്യോഗികമായി നിലവിൽ വന്നത്. തുടക്കകാലത്ത് യുഎസിന്റെ നേതൃത്വത്തിൽ യൂറോപ്യൻ രാജ്യങ്ങൾ രൂപം നൽകിയ നാറ്റോയുമായാണ് എസ്‍സിഒയെ ഉപമിച്ചിരുന്നത്. എന്നാൽ പ്രവൃത്തിയില്‍ നാറ്റോയുമായി വലിയ സാമ്യമൊന്നും ഈ കൂട്ടായ്മയ്ക്കില്ല എന്നതാണ് വാസ്തവം.
2005ൽ കസഖ്സ്ഥാനിലെ അസ്താനയിൽ നടന്ന ഉച്ചകോടിയിലാണ് ഇന്ത്യ ആദ്യമായി എസ്‌സിഒയുടെ ഭാഗമാവുന്നത്. ഇന്ത്യയ്ക്കൊപ്പം പാക്കിസ്ഥാൻ, ഇറാൻ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളും എസ്‌സിഒ സമ്മേളനത്തിന് എത്തി. നിരീക്ഷകരായിട്ടായിരുന്നു ഇവരെത്തിയത്. ഗതാഗതം, ഊർജം, ടെലി കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലേക്ക് കൂടി എസ്‌സിഒയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ഈ ഉച്ചകോടിയിൽ തീരുമാനമായി.
2005ൽ എസ്‌സിഒയിൽ ചേർന്ന് പ്രവർത്തിക്കാൻ തയാറായ ഇന്ത്യയ്ക്ക് പൂർണ അംഗത്വം ലഭിക്കുന്നത് പത്ത് വർഷം കഴിഞ്ഞാണ്. 2015ൽ റഷ്യയിൽ നടന്ന ഉച്ചകോടിയിലാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനും പൂർണ അംഗത്വം നൽകാൻ തീരുമാനമെടുത്തത്. എസ്‌സിഒയുടെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ പ്രതിനിധീകരിച്ചു.
അംഗങ്ങളാകുന്നതിനുള്ള നടപടികളെല്ലാം പൂർത്തീകരിച്ച് 2017ൽ കസഖ്സ്ഥാനിൽ നടന്ന ഉച്ചകോടിയിലാണ് പൂർണ അംഗങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും ആദ്യമായി പങ്കെടുക്കുന്നത്. 2023ലാണ് ഇറാൻ എസ്‌സിഒയുടെ പൂർണ അംഗത്വം സ്വന്തമാക്കുന്നത്. തൊട്ടടുത്ത വർഷം ബെലാറൂസിനും എസ്‌സിഒ പൂർണ അംഗത്വം നൽകി. അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മയായി 1995ൽ പ്രവർത്തനം തുടങ്ങിയ എസ്‌സിഒ നിലവിൽ 26 രാജ്യങ്ങളുടെ കൂട്ടായ്മായാണ്. ഇതിൽ 10 അംഗങ്ങളും 2 നിരീക്ഷക രാജ്യങ്ങളും 14 പങ്കാളിത്ത രാഷ്ട്രങ്ങളുമാണുള്ളത്.
∙ എന്തുകൊണ്ട് എസ്‌സിഒയിൽ ഇന്ത്യ?
റഷ്യയുമായുള്ള അടുപ്പമാണ് ഇന്ത്യയെ എസ്‌സിഒയിലേക്ക് എത്തിച്ചത്. പാക്കിസ്ഥാന് സ്ഥാനം നൽകിക്കൊടുത്തത് സ്വന്തം പക്ഷത്ത് ആളെക്കൂട്ടാനുള്ള ചൈനയുടെ പ്രത്യേക താൽപര്യവും. ഇപ്പോഴും ഇന്ത്യയുമായി സുഖകരമല്ലാത്ത അടുപ്പം പുലർത്തുന്ന ചൈനയും പാക്കിസ്ഥാനും അംഗങ്ങളായിട്ടുള്ള എസ്‌സിഒയിൽ എന്തിന് ഇന്ത്യ ചേർന്നു? ഇതിനുള്ള ഉത്തരം എസ്‌സിഒയുടെ ഇന്നത്തെ വലുപ്പവും പ്രാധാന്യവും നൽകും. മധ്യ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ എസ്‌സിഒ ഇന്ന് യൂറേഷ്യൻ കൂട്ടായ്മ എന്നാണ് അറിയപ്പെടുന്നത്. അതായത് യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്മ.
ലോകജനസംഖ്യയുടെ 42 ശതമാനവും (യുറേഷ്യയുടെ 80 ശതമാനം) വലുപ്പത്തിൽ ലോകരാജ്യങ്ങളുടെ 24 ശതമാനവും (യൂറേഷ്യയുടെ 65 ശതമാനം) എസ്‌സിഒയുടെ ഭാഗമാണ്. ലോക രാജ്യങ്ങളുടെ ജിഡിപിയുടെ 32 ശതമാനം എസ്‌സിഒ അംഗരാജ്യങ്ങളുടേതാണ്. വലുപ്പത്തിലും ആളെണ്ണത്തിലും സമ്പത്തിലും എസ്‌സിഒ ലോകത്തിലെ എണ്ണം പറഞ്ഞ കൂട്ടായ്മയാണെന്ന് വ്യക്തം. ഇതിനു പുറമെയാണ് എസ്‌സിഒയുമായി സഹകരിക്കുന്ന മറ്റു രാജ്യന്തര കൂട്ടായ്മകൾ. 2004 മുതൽ എസ്‌സിഒ ഐക്യരാഷ്ട്ര സംഘടനയുമായി (യുഎൻ) സഹകരണം ആരംഭിച്ചു. നിലവിൽ എസ്‌സിഒ ഉച്ചകോടികളിൽ യുഎൻ നിരീക്ഷകരായി പങ്കെടുക്കുന്നു. കോമൺവെൽത്ത്, ആസിയാൻ, ആഫ്രിക്കൻ യൂണിയൻ തുടങ്ങി ഒട്ടേറെ രാജ്യാന്തര യൂണിയനുകളുമായി എസ്‌സിഒ ബന്ധപ്പെടുന്നു.
കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവർത്തനമാണ് എസ്‌സിഒയ്ക്കുള്ളത്. ഏറ്റവും വലിയ പ്രത്യേകത മറ്റു കൂട്ടായ്മകൾക്ക് വിഭിന്നമായി വർഷം രണ്ട് സമ്മേളനങ്ങൾ എസ്‌സിഒയ്ക്കുണ്ടെന്നതാണ്. അംഗരാജ്യങ്ങളുടെ തലവൻമാരുടേയും (എച്ച്ഒഎസ് കൗൺസിൽ) സര്‍ക്കാരിനെ നയിക്കുന്നവരുടേതുമാണിത് (എച്ച്ഒജി കൗൺസിൽ). ഇതിന് പുറമെ വിദേശകാര്യ മന്ത്രിമാർ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളുടെ പ്രത്യേക സമ്മേളനങ്ങളും എസ്‌സിഒയുടെ കീഴിൽ നടത്തപ്പെടുന്നു. ഇതിൽ ഇന്ത്യൻ പ്രധാനമന്ത്രി എച്ച്ഒഎസ് കൗൺസിലിലാണ് സാധാരണയായി പങ്കെടുക്കാനെത്തുന്നത്. എച്ച്ഒജി കൗൺസിലിലേക്ക് വിദേശ കാര്യമന്ത്രിയെയും പ്രതിനിധിയായി അയക്കുന്നു.
∙ വിദേശ ബന്ധങ്ങൾ സന്തുലിതമാക്കാൻ
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ എസ്‌സിഒ ഇന്ത്യയെ സഹായിക്കുന്നു. അംഗരാജ്യങ്ങൾക്ക് പുറമെ ഒട്ടേറെ രാജ്യങ്ങളുടെ പ്രതിനിധികളാണ് നിരീക്ഷകരായി എസ്‌സിഒ ഉച്ചകോടികളില്‍ പങ്കെടുക്കാനെത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തുമ്പോഴും പൗരസ്ത്യ ദേശത്തെ രാജ്യങ്ങളുമായുള്ള ബന്ധം വിദേശ ബന്ധങ്ങൾ സന്തുലിതമാക്കാൻ ഇന്ത്യയെ സഹായിക്കുന്നു. ഒരേസമയം യുഎസുമായും റഷ്യയുമായും അടുത്ത ബന്ധം പുലർത്താൻ കഴിയുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇതിന് സാധിക്കുന്നത് ഒട്ടേറെ രാജ്യാന്തര കൂട്ടായ്മകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെയാണ്. എസ്‌സിഒയുമായി ചേർന്ന് പ്രവർത്തിച്ച ശേഷം ഇന്ത്യയുടെ മധ്യേഷ്യൻ ബന്ധങ്ങളിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. മേഖലയിലെ ഒട്ടേറെ രാജ്യങ്ങളുമായി ഇന്ത്യയുടെ ഉഭയകക്ഷി ബന്ധവും മെച്ചപ്പെട്ടിട്ടുണ്ട്.
∙ വ്യാപാര സാധ്യത
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന് വലിയ തടസ്സം ഗതാഗതമാർഗത്തിലെ തടസ്സമാണ്. പാക്കിസ്ഥാൻ വഴിയല്ലാതെ മറ്റൊരു വഴി കണ്ടെത്തിയാൽ മാത്രമേ കരവ്യാപാരം സാധ്യമാവുകയുള്ളൂ. ഇറാനിലെ ചാബഹാർ തുറമുഖത്തിലൂടെ ഇത് സാധ്യമാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. മധ്യേഷ്യ വഴി റഷ്യയിലേക്ക് നീളുന്ന ഇന്റർനാഷനൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ ഇത് സാധ്യമാക്കാൻ ഉതകുന്നതാണ്. മധ്യേഷ്യൻ രാജ്യങ്ങളുമായി മികച്ച വ്യാപാര സാധ്യതയും എസ്‌സിഒ ഇന്ത്യയ്ക്ക് നൽകുന്നു.
∙ കൈ അകലത്തിൽ ചൈനയും പാക്കിസ്ഥാനും
അതിർത്തി തർക്കങ്ങളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളും കാരണമാണ് ചൈനയുമായും പാക്കിസ്ഥാനുമായുമുള്ള ഇന്ത്യയുടെ ബന്ധം പ്രധാനമായും നിശ്ചലാവസ്ഥയിലായത്. എന്നാൽ മധ്യേഷ്യയുമായുള്ള ബന്ധത്തിൽ ഇരുരാജ്യങ്ങളും നിർണായകവുമാണ്. ഉഭയകക്ഷി ചർച്ചകൾ നടക്കാത്ത അവസരത്തിൽ ലക്ഷ്യങ്ങൾ നേടുവാന്‍ ഇന്ത്യയ്ക്ക് എസ്‌സിഒ സഹായകരമായേക്കും. ഇതിന് പുറമേ സുരക്ഷ, തീവ്രവാദം തടയുക എന്നിവയാണ് എസ്‌സിഒയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. പാക്കിസ്ഥാന്‍ പങ്കെടുക്കുന്ന വേദിയിൽ മേഖലയിലെ തീവ്രവാദ പ്രവർത്തനം തടയുന്നതിൽ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ഇന്ത്യയ്ക്ക് തുറന്നുകാട്ടാനാവും. ഇതിനും എസ്‌സിഒ സമീപകാലങ്ങളിൽ വേദിയായിട്ടുണ്ട്.
മോദി പങ്കെടുത്ത എസ്‌സിഒ ഉച്ചകോടികൾ
വർഷം രാജ്യം
2015 റഷ്യ
2016 ഉസ്ബെക്കിസ്ഥാൻ
2017 കസഖ്‌സ്ഥാൻ
2018 ചൈന
2019 കിർഗിസ്ഥാൻ
2020 റഷ്യ
2021 തജിക്കിസ്ഥാൻ
2022 ഉസ്ബെക്കിസ്ഥാൻ
2023 ഇന്ത്യ
* 2024ൽ കസഖ്സ്ഥാനിലെ അസ്താനയിൽ നടന്ന ഉച്ചകോടിയിൽ മോദി പങ്കെടുത്തില്ല
∙ എസ്‌സിഒയിലെ ഇന്ത്യൻ വെല്ലുവിളികൾ
1. എസ്‌സിഒയുമായി ഇന്ത്യ ചേർന്നു പ്രവർത്തിക്കുമ്പോൾ കൂട്ടായ്മയിലെ പ്രധാന രാജ്യം റഷ്യയായിരുന്നു. ഇന്ത്യയുടെ വിദേശനയത്തിൽ ഉൾപ്പെട്ട 'കണക്ട് സെൻട്രൽ ഏഷ്യ പോളിസി' നടപ്പിലാക്കാൻ ഈ ബന്ധം സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഇന്ന് ചൈനയുടെ കൈപ്പിടിയിലേക്ക് എസ്‌സിഒ മാറുന്നത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് റഷ്യയെ മുൻനിർത്തി ബന്ധങ്ങൾ ശക്തിപ്പെടുത്താനും രാജ്യങ്ങളെ ബന്ധപ്പെടുത്തിയുള്ള ഗതാഗത മാർഗങ്ങൾ രൂപീകരിക്കാനുമായിരുന്നു ഇന്ത്യ താൽപര്യപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് താക്കോൽസ്ഥാനത്തുള്ള ചൈന എടുക്കുന്ന തീരുമാനങ്ങൾ എസ്‌സിഒയുടെ തീരുമാനങ്ങളായി പുറത്തുവരുന്ന അവസ്ഥയാണുള്ളത്.
2. ഭീകരത, തീവ്രവാദം, വിഘടനവാദം എന്നിവയ്ക്കെതിരെ ഒന്നിച്ച് നിൽക്കുക എന്നതാണ് എസ്‌സിഒയുടെ പ്രധാന ലക്ഷ്യം. എന്നാൽ പലപ്പോഴും ഇന്ത്യയെ ഈ വിഷയങ്ങളിൽ പ്രതിരോധിക്കാൻ എസ്‌സിഒ അംഗങ്ങളായ ചൈനയും പാക്കിസ്ഥാനും കൂട്ടുനിന്നു എന്നതാണ് ചരിത്രം. പാക്കിസ്ഥാനിൽ നിന്നും പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെ നിയന്ത്രിക്കുന്നതിൽ പലപ്പോഴും യുഎന്നിൽ ഇന്ത്യ പരാജയപ്പെട്ടതും ഈ കൂട്ടുകെട്ട് കാരണമാണ്.
3. എസ്‌സിഒയെ സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കാനുള്ള ഉപകരണമാക്കുകയാണ് ചൈന. ചൈനയുടെ എക്കാലത്തെയും സ്വപ്നമായ ബിആർഐ (ബെൽറ്റ് ആൻഡ് റോഡ് പദ്ധതി) എസ്‌സിഒയിലൂടെ പ്രചരിപ്പിക്കുവാനും ശ്രമിക്കുന്നുണ്ട്. എസ്‌സിഒ അംഗങ്ങളിൽ ഭൂരിഭാഗവും ബിആർഐയിൽ പങ്കാളികളാണ്.
4. ദക്ഷിണേഷ്യയിലെ തങ്ങളുടെ അയൽരാജ്യങ്ങളുമായി ചൈന അടുക്കുന്നത് ഏറെ ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്. പാക്കിസ്ഥാനെ ചൈന എസ്‌സിഒയില്‍ ഉൾപ്പെടുത്തിയത് പോലെ കൂടുതൽ അയൽരാജ്യങ്ങൾ കൂട്ടായ്മയിൽ അംഗങ്ങളാകാനും സാധ്യതയുണ്ട്. നിലവിൽ മാലദ്വീപ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ ഇന്ത്യയുടെ അയൽ രാജ്യങ്ങൾ എസ്‌സിഒ ചർച്ചകളിൽ ക്ഷണിതാക്കളാണ്. ചൈനയുടെ താൽപര്യങ്ങൾ മുൻനിർത്തിയാണ് 2023ൽ ഇറാന് അംഗത്വം നൽകിയത്. ഇൻഡോ-പസിഫിക്ക് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചൈന എസ്‍സിഒയെ ആയുധമാക്കുമോ എന്നാണ് ഇന്ത്യയുടെ മറ്റൊരു ആശങ്ക.
5. റഷ്യയുടേയും ചൈനയുടേയും അമിതമായ ഇടപെടൽ എസ്‌സിഒയെ പാശ്ചാത്യ വിരുദ്ധ കൂട്ടായ്മയായി മാറ്റുമോ എന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ട്. റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് ശേഷം ഇത് പ്രകടവുമാണ്. 2023ൽ ഇറാനും 2024ൽ ബെലാറൂസും കൂടി എത്തിയതോടെ കൂടുതൽ യുഎസ് വിരുദ്ധർ കൂട്ടായ്മയിൽ അംഗങ്ങളായി. ഇത് യുഎസുമായി മികച്ച ബന്ധം പുലർത്തുന്ന ഇന്ത്യയ്ക്ക് ശുഭകരമല്ല. 2024 ജൂലൈ 3-4 തീയതികളിൽ കസഖ്സ്ഥാനിൽ നടന്ന എസ്‍സിഒ രാജ്യത്തലവൻമാരുടെ ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. 2017ൽ ഇന്ത്യ അംഗമായതിന് ശേഷം നരേന്ദ്ര മോദി പങ്കെടുക്കാത്ത ആദ്യത്തെ ഉച്ചകോടിയായിരുന്നു ഇത്.
∙ ഇന്ത്യ–പാക്ക് ബന്ധത്തിൽ മാറ്റമുണ്ടാകുമോ?
എസ്‌സിഒ ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് പാക്കിസ്ഥാൻ ഔദ്യോഗികമായി ക്ഷണം അയച്ചത്. എന്നാൽ രാജ്യത്തെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എത്തുമ്പോൾ നയതന്ത്ര വിദഗ്ധരുടെ മനസ്സിൽ 2015ലെ സുഷമ സ്വരാജിന്റെ പാക്കിസ്ഥാൻ സന്ദര്‍ശനമാണ്. 2015 ഡിസംബറിൽ പാക്കിസ്ഥാനിൽ വച്ചുനടന്ന ഹാർട്ട് ഓഫ് ഏഷ്യ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാനാണ് സുഷമ പാക്കിസ്ഥാനിലെത്തിയത്. (വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയശങ്കറും അന്ന് ഈ സമ്മേളനത്തിൽ സുഷമ സ്വരാജിനൊപ്പം ഉണ്ടായിരുന്നു). സമ്മേളനത്തിനെത്തിയ സുഷമ അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും കണ്ട് ചർച്ച നടത്തിയാണ് മടങ്ങിയത്. ഇതിന്റെ ബാക്കിപത്രമായിരുന്നു ദിവസങ്ങൾക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഹോർ സന്ദർശനം.
റഷ്യയിൽ നിന്ന് അഫ്ഗാനിസ്ഥാൻ വഴി ഇന്ത്യയിലേക്ക് പോകുന്നതിനിടെയാണ് മോദി നവാസ് ഷെരീഫിന്റെ വസതിയിൽ സന്ദർശനത്തിനെത്തിയത്. എന്നാൽ 2016ലെ പുതുവർഷ ദിനത്തിൽ പത്താൻകോട്ടിൽ പാക്കിസ്ഥാൻ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണം ഇരു രാജ്യങ്ങളുടെയും ബന്ധം വഷളാക്കി. 2023ൽ ഗോവയിൽ നടന്ന എസ്‌സിഒ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ദ്വിദിന യോഗത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യയിലെത്തിയിരുന്നു. 12 വർഷത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ പാക്ക് വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം.
അതേസമയം ഇക്കുറി ജയശങ്കർ പാക്കിസ്ഥാനിൽ പോകുമ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും സഹകരണം വീണ്ടും തളിർക്കുമെന്ന വലിയ പ്രതീക്ഷ വേണ്ടെന്നാണ് സൂചനകൾ. ഇന്ത്യ–പാക്ക് ബന്ധം അത്രമേൽ മാറി മറിഞ്ഞിരിക്കുന്നു. പുൽവാമ ഭീകരാക്രമണം, ആർട്ടിക്കിൾ 370 റദ്ദാക്കിയത്, ബാലാകോട്ട് വ്യോമാക്രമണം തുടങ്ങി ഒട്ടേറെ സംഭവങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളാക്കി. പലപ്പോഴും വിദേശകാര്യമന്ത്രി ജയശങ്കറിന്റെ നാവിന്റെ ചൂട് പാക്കിസ്ഥാൻ അറിഞ്ഞിട്ടുമുണ്ട്. പാക്കിസ്ഥാനുമായി ചർച്ച നടത്താനല്ല താൻ പോകുന്നതെന്ന് ദിവസങ്ങൾക്ക് മുൻപ് പരസ്യമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതും ശ്രദ്ധേയമാണ്. എന്നിട്ടും ഇന്ത്യ എന്തിന് പാക്കിസ്ഥാനിൽ പോകുന്നു എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. എസ്‍സിഒയിലൂടെ ഇന്ത്യയ്ക്ക് അത്രമേൽ വലിയ ലക്ഷ്യങ്ങളുണ്ടെന്നതാണ് ഒറ്റ വാചകത്തിൽ ഇതിന്റെ ഉത്തരം.