തോറ്റാൽ ‘മോദിക്കു ശേഷം യോഗി’ ഇല്ല; യുപിയിലും ‘അന്തിമ’ ഫോർമുലയ്ക്ക് ബിജെപി? കേജ്രിവാൾ പ്രവചിച്ചത് സത്യമാകുന്നു?
Mail This Article
‘.... ഈ വീടിന്റെ ഐശ്വര്യം’ എന്നെഴുതിയിട്ടുള്ള സ്റ്റിക്കറുകൾ വീടുകളുടെ മുൻവശത്ത് കണ്ടിട്ടില്ലേ. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയപ്പോൾ, കേന്ദ്ര സർക്കാരിന്റെ പൂമുഖത്ത് ഈ സര്‍ക്കാരിന്റെ ഐശ്വര്യം ‘യുപി ബിജെപി’ എന്നെഴുതിവച്ചെങ്കിൽ കാണുന്നവരെല്ലാം അത് തലകുലുക്കി സമ്മതിച്ചേനെ. അഞ്ചുവര്‍ഷത്തെ വെയിലും മഴയും മഞ്ഞുമേറ്റ് തിളക്കം കുറച്ച് മങ്ങിയെങ്കിലും 2019ലും മോദി സർക്കാരിന്റെ ഐശ്വര്യം ഏറക്കുറെ ‘യുപി ബിജെപി’യായിരുന്നു. രാജ്യത്ത് അലയടിച്ച കർഷക രോഷം തിരിച്ചടിയാവുമെന്ന് കരുതിയെങ്കിലും അന്നും ഉത്തർപ്രദേശിലെ ബിജെപി തങ്ങളുടെ റോൾ ഗംഭീരമാക്കി. അങ്ങനെയൊക്കെ മുന്നോട്ടു പോകവേ, 2024 ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രം തുറന്ന പകിട്ടിൽ 2024ലും യുപി ബിജെപി തൂത്തുവാരുമെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നിരീക്ഷകർ കരുതിയത്. എന്നാൽ ഫലം വന്നപ്പോൾ യുപി വലിയ നിരാശയാണ് ബിജെപിക്ക് സമ്മാനിച്ചത്.
ഇന്ത്യാമുന്നണി സര്‍വ ശക്തിയുമെടുത്ത് പോരാടിയത് യുപിയിലെ ഫലത്തെ കാര്യമായി സ്വാധീനിച്ചു. എന്നാൽ ഇതുമാത്രമാണോ വലിയ തിരിച്ചടിക്ക് കാരണമായതെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ പരിശോധന പിന്നാലെ പുറത്തുവന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഒട്ടേറെ കണ്ടെത്തലുകളായിരുന്നു ഈ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ മോദിക്കു ശേഷം യോഗി എന്ന പ്രാസമൊപ്പിച്ച മുദ്രാവാക്യം എവിടെയോ മറഞ്ഞു. മാത്രവുമല്ല, ഇന്നലെ വരെ യോഗിക്കുമുന്നിൽ മൗനം ഭജിച്ചവർ ഒന്നും രണ്ടുമായി മനസ്സിലുള്ളത് പരസ്യമാക്കിത്തുടങ്ങി. രാജ്യത്ത് ബിജെപിക്ക് ശക്തമായ അടിത്തറയൊരുക്കിയ യുപിയിൽ പാർട്ടി ക്ഷയിക്കുന്നു എന്ന തോന്നലും അതോടെ ശക്തമായി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ വിഴുപ്പലക്കല്‍ ഇനിയും തീർന്നിട്ടില്ല. അതിനിടെയാണ്, ഉത്തർപ്രദേശിൽ 9 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം 2027ലെ നിയമസഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളിലേക്കും ഉത്തർപ്രദേശിൽ ബിജെപി കടന്നിരിക്കുന്നു. ഇതിൽ ഉപതിരഞ്ഞെടുപ്പിന്റെ ഭാരം മുഴുവൻ യോഗിയുടെ ചുമലിൽ വച്ചിരിക്കുകയാണ് ബിജെപി ദേശീയനേതൃത്വം. യോഗിക്കു മുന്നിലെ ലിറ്റ്‌മസ് ടെസ്റ്റ് കൂടിയാവുകയാണ് തിരഞ്ഞെടുപ്പെന്നു ചുരുക്കം. 9 സീറ്റുകളിലെ ജനവിധിയിലാണോ യോഗിയുടെ ഭാവി? ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുപി സർക്കാരിലും പാർട്ടിയിലും അഴിച്ചുപണിയുണ്ടാകുമോ? നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രിമാരെ മാറ്റുന്ന ‘ട്രെൻഡ്’ യുപിയിലും ബിജെപി പയറ്റുമോ? യഥാർഥത്തിൽ യോഗിക്കു നേരെ പരസ്യ വിമർശനം നടത്തുന്ന നേതാക്കൾക്കു പിന്നിൽ മറ്റ് ശാക്തിക ചേരികൾ രൂപപ്പെട്ടിട്ടുണ്ടോ? മറഞ്ഞിരുന്നാണോ അവരുടെ ആക്രമണം? പരിശോധിക്കാം യുപിയിലെ രാഷ്ട്രീയ സ്ഥിതി വിശദമായിത്തന്നെ...
∙ 15...73...64...36
15...73...64...36 ഈ അക്കങ്ങൾ യുപിയിൽ കഴിഞ്ഞ 20 വർഷത്തെ ബിജെപി സഖ്യമായ എൻഡിഎയുടെ സീറ്റുനിലയാണ്. 2009ൽ എൻഡിഎയ്ക്ക് 15 സീറ്റുകൾ അതില്‍ ബിജെപി ജയിച്ചത് 10 എണ്ണത്തിൽ മാത്രമായിരുന്നു. ഇവിടെ നിന്നും 2014ലെ 73 എന്ന നിലയിലേക്ക് എൻഡിഎ തനിയെ വളർന്നതല്ല, വളർത്തിയതാണ്. ഈ സമയം സംസ്ഥാനത്ത് ബിജെപി പ്രതിപക്ഷത്തായിരുന്നു ഒപ്പം പത്ത് വർഷമായി കേന്ദ്രത്തിലും ബിജെപി ഭരണത്തിലില്ലായിരുന്നു. 2014ലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അമിത് ഷാ നേരിട്ടെത്തിയാണ് യുപിയിൽ ബിജെപിയുടെ ജയത്തിനുവേണ്ടിയുള്ള മണ്ണൊരുക്കിയത്. ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തിയ അമിത്ഷാ 2014ൽ മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയിട്ടും യുപിയിൽ നിന്നും മടങ്ങിയില്ല. മോദി സർക്കാരിൽ ഭാഗമാവാതെ രാജ്യമാകെ പാർട്ടിയെ ശക്തിപ്പെടുത്താനും 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുമുള്ള പരിശ്രമം തുടർന്നു. ഇതിന്റെ ഫലമായിരുന്നു 2017ലെ യോഗി സർക്കാർ. പിന്നീട് യുപിയിൽ മുഴങ്ങിയത് യോഗിയുടെ പേര് മാത്രമായിരുന്നു.
2019ലെ തിരഞ്ഞെടുപ്പിൽ 64 സീറ്റുകളിലാണ് ബിജെപി സഖ്യം യുപിയിൽ വിജയിച്ചത്. 2014ലുമായി തട്ടിച്ചുനോക്കിയാൽ 9 സീറ്റുകളുടെ കുറവുണ്ടായി. എന്നാൽ കർഷകസമരത്തിൽ വാടിക്കരിയുമെന്ന് കരുതിയ താമരയെ 64 ഇടങ്ങളിൽ വിരിയിപ്പിച്ചത് യോഗിയുടെ കരുത്തുകൂട്ടാൻ കാരണമായി. കേന്ദ്രത്തിൽ ബിജെപി സർക്കാരിന് കൂടുതൽ സീറ്റുകളിൽ ജയിക്കാനായതും പ്രതിപക്ഷം തകർന്നടിഞ്ഞതും യുപിയിലെ ബിജെപിയുടെ ചെറിയ ‘തളർച്ചയെ’ കുറിച്ച് വലിയ വിശകലനങ്ങളുണ്ടാവാതെ മാറ്റിനിർത്തി.
2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പ്, വമ്പൻ ജയത്തോടെ യോഗിക്ക് ഭരണത്തുടർച്ച. കോവിഡിന്റെ ആലസ്യത്തിൽ നിന്നും രാജ്യം പുറത്തേക്ക് വരുന്ന സമയത്തായിരുന്നു യുപി നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ പാളിച്ചകൾ തുറന്നുകാട്ടുന്ന ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അതൊന്നും ബിജെപിക്ക് തിരിച്ചടിയായില്ല. മറ്റു സംസ്ഥാനങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ജയം മോദി തരംഗമെന്ന പേരിൽ വിശേഷിപ്പിക്കുമ്പോൾ യുപിയിലത് യോഗിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതോടെയാണ് പ്രധാനമന്ത്രി പദത്തിൽ മോദിയുടെ പിൻഗാമിയായി യോഗി വരുമെന്ന സൂചന ശക്തമായത്. ആർഎസ്എസിന്റെ പദ്ധതിയാണിതെന്ന് പോലും വ്യാഖ്യാനങ്ങളുണ്ടായി.
∙ കേജ്‍രിവാളിന് അറിയുമോ ജ്യോതിഷം?
ഇഡിയുടെ അറസ്റ്റിനെ തുടർന്ന് 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയ കേജ്‍രിവാൾ രാജ്യത്തെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പിൽ അതുവരെ ചർച്ചയാവാത്ത യോഗി–മോദി ബന്ധം മേയ് 12ന് രാജ്യത്താകമാനം ചർച്ചായായി. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ രണ്ടുമാസത്തിനകം യോഗിയെ മോദിയും അമിത്ഷായും ചേർന്ന് പുറത്താക്കുമെന്നും യോഗി ഒരിക്കലും പ്രധാനമന്ത്രി പദത്തിലെത്തില്ലെന്നും ആ സ്ഥാനം അമിത്ഷാ നോട്ടമിട്ടുകഴിഞ്ഞു എന്നുമായിരുന്നു ഡൽഹി മുഖ്യമന്ത്രി കേജ്‍രിവാളിന്റെ വാക്കുകൾ. രണ്ടു മാസത്തോളം ജയിലിനുള്ളിലായിരുന്ന കേജ്‍രിവാൾ പുറത്തധികം ചർച്ചയാവാത്ത കാര്യങ്ങൾ തുറന്നുപറഞ്ഞു വാർത്തകളിൽ നിറഞ്ഞു. മണിക്കൂറുകൾക്കകം പ്രതിരോധവുമായി ബിജെപി മുതിർന്ന നേതാക്കൾക്ക് മാധ്യമങ്ങളെ കാണേണ്ടിവന്നു. പതിവുപോലെ കുറച്ചു ദിവസങ്ങൾ മാത്രമേ എഎപിയുടെ ആരോപണങ്ങൾ ചർച്ചയായുള്ളൂ.
ജൂൺ 4ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് കേജ്‌രിവാൾ പറഞ്ഞ കാര്യങ്ങളിലേക്ക് വീണ്ടും രാഷ്ട്രീയ വിദഗ്ധർ എത്തിയത്. ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടാതിരുന്നതിനുള്ള കാരണങ്ങളായിരുന്നു അത്തരമൊരു ചിന്തയ്ക്ക് തീപ്പിടിപ്പിച്ചത്. 2014ലും 2019ലും ബിജെപിക്ക് ഐശ്വര്യമായ യുപിയായിരുന്നു ഇക്കുറി പ്രതിസ്ഥാനത്ത്. വാരാണസിയിൽ മോദിയടക്കം ലീഡ് നിലയിൽ പിന്നിലായത് എന്തുകൊണ്ടായിരിക്കും? കേന്ദ്രമന്ത്രിമാരടക്കം യുപിയിൽ പരാജയപ്പെട്ടതിന് ആരാണ് ഉത്തരവാദിത്തം ഏൽക്കുക? ബിജെപി യുപിയിൽ മെലിയാൻ കാരണം തേടിയുള്ള അന്വേഷണം നടത്താൻ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചു. ഒടുവിൽ 40,000 പേരിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിച്ച പഠന റിപ്പോർട്ടിൽ പന്ത്രണ്ടോളം കാരണങ്ങളാണ് യുപിയിലെ തിരിച്ചടിക്ക് ബിജെപി കണ്ടെത്തിയത്. അതിൽ കൂടുതലും വിരൽ ചൂണ്ടിയത് യോഗി സർക്കാരിലേക്കും. അതോടെ കേജ്‍രിവാളിന്റെ പ്രവചനത്തിനും സ്വീകാര്യതയേറി.
∙ തിരിച്ചടിക്ക് ബിജെപി കണ്ടെത്തിയ കാരണങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലേറ്റ തിരിച്ചടി ബിജെപി ദേശീയ നേതൃത്വം കാര്യമായിത്തന്നെ പരിഗണിച്ചു. വിശദമായ പഠനം നടത്താൻ പാർട്ടി തീരുമാനിച്ചു. യുപിയില്‍ പാർട്ടി തോറ്റതും പ്രകടനം മോശമായതുമായ 78 ലോക്സഭാ മണ്ഡലങ്ങളിൽ 40 ടീമുകളായി തിരിഞ്ഞ് പഠനത്തിനിറങ്ങി. ഓരോ മണ്ഡലത്തിലും 500 ബിജെപി പ്രവർത്തകരെ നേരിൽ കണ്ട് വിശദമായി വിവരങ്ങൾ ചോദിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള 40,000ത്തോളം ആളുകളിൽനിന്ന് പരാജയകാരണങ്ങൾ പഠിച്ചു. ഒടുവിൽ 15 പേജുള്ള റിപ്പോർട്ടിലേക്ക് നേരിട്ട് കണ്ടെത്തിയ കാരണങ്ങൾ ചുരുക്കി, സമർപ്പിച്ചു. യുപി തിരിച്ചടിക്ക് 12 കാരണങ്ങളാണ് ബിജെപി ദേശീയ നേതൃത്വം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ കൂടുതലും കേന്ദ്രത്തിലെ മോദി സർക്കാരിനല്ല, സംസ്ഥാനം ഭരിച്ച യോഗി സർക്കാരിന് എതിരെയായിരുന്നു എന്നതായിരുന്നു ശ്രദ്ധേയം.
പഠന റിപ്പോർട്ടിൽ യോഗിയെ പ്രതിക്കൂട്ടിലാക്കിയ കണ്ടെത്തലുകളിൽ കൂടുതലും സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റരീതിക്കെതിരെ ബിജെപി പ്രവർത്തകർ വ്യാപകമായി പരാതി ഉയർത്തി. പാർട്ടി പ്രവർത്തകരോട് ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്നും താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്നും പരാതികൾ ഉയർന്നു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെപ്പറ്റിയും റവന്യു ഓഫിസുകളിലെ പ്രവർത്തനത്തെപ്പറ്റിയും വ്യാപക വിമർശനം ഉയർന്നു. ഒബിസി വിഭാഗത്തിലുള്ളവർ ബിജെപിയുമായി അകന്നതും തോൽവിയുടെ ആഘാതം കൂട്ടി. ഇതിനു പുറമേ യോഗിയുടെ നയമായ ‘ബുൾഡോസർ’ പ്രയോഗവും തിരിച്ചടിക്ക് കാരണമായെന്ന് കണ്ടെത്തി. സ്ഥാനാർഥി നിർണയത്തിൽ സംഭവിച്ച അപാകതയും പ്രവർത്തകരുടെ ആവേശം കുറച്ചെന്ന് കണ്ടെത്തി.
∙ ഭിന്നത മറനീക്കി, ധൈര്യം ഡൽഹിയിൽനിന്നോ?
തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ യോഗി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ അന്വേഷണ റിപ്പോർട്ട് പുറത്തുവരും മുൻപേത്തന്നെ പാർട്ടി നേതൃത്വത്തിലെ വിള്ളലുകളും മറനീക്കി പുറത്തുവന്നു. തോൽവിയുടെ കാരണങ്ങൾ വിലയിരുത്താൻ യോഗി ആദിത്യനാഥ് വിളിച്ചു ചേർത്ത യോഗങ്ങളിൽനിന്ന്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പാഠകും വിട്ടുനിന്നതോടെയാണ് വിള്ളൽ പുറത്തായത്. തിരഞ്ഞെടുപ്പു ഫലം പുറത്തു വന്ന് 10 ദിവസത്തിനകം, ജൂലൈ 14ന്, ലക്നൗവിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹകസമിതി യോഗത്തിലെ ചർച്ചകൾക്ക് വലിയ പ്രചാരം ലഭിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ സാക്ഷിയാക്കിയുള്ള യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ വാക്കുകൾ യോഗിക്കു നേരെയുള്ള പ്രയോഗമായി വിലയിരുത്തി. ‘‘ഞങ്ങളെ സംബന്ധിച്ച് സംഘടന എപ്പോഴും മഹത്തരമാണ്. എല്ലാ മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരെ ബഹുമാനിക്കണം. ഞാൻ ആദ്യം പാർട്ടി പ്രവർത്തകനും പിന്നീട് ഉപമുഖ്യമന്ത്രിയുമാണ്’’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ബിജെപി നടത്തിയ പഠന റിപ്പോർട്ടും പങ്കുവയ്ക്കുന്നത് ഇതേ വികാരമായിരുന്നു. ഒരുകാലത്ത് യുപി മുഖ്യമന്ത്രിക്കസേരയിൽ കണ്ണുവച്ച നേതാവാണ് മൗര്യ. ഒപ്പം ആർഎസ്എസ് പിന്തുണയും ഇദ്ദേഹത്തിനുണ്ട്.
സർക്കാരിനേക്കാൾ വലുതാണ് പാർട്ടി എന്ന മൗര്യയുടെ വാക്കുകൾ യോഗിക്ക് നേരെയുള്ള അമ്പായി. ഇത് യുപി രാഷ്ട്രീയത്തെ തീപ്പിടിപ്പിച്ചു. രണ്ടുദിവസം കഴിഞ്ഞ് മൗര്യയും പാർട്ടി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിങ്ങും ഒരുമിച്ച് ഡൽഹിയിലെത്തി നഡ്ഡയെ കണ്ടു. യോഗിയുടെ പ്രവർത്തന ശൈലിയെ കുറിച്ച് പരാതി പറയാനാണ് ഈ യാത്ര എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പാർട്ടി നേതാക്കളെ പാടെ അവഗണിച്ച് സർക്കാർ ഉദ്യോഗസ്ഥരെ അമിതമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന യോഗിയുടെ രീതികൾ പരാതിയാക്കി ഡൽഹിയിൽ ഇരുവരും എത്തിച്ചു. യുപി ബിജെപിയിൽ ഭിന്നത രൂക്ഷമാവുന്നു എന്ന സൂചന ശക്തമായതിന് പിന്നാലെ നഡ്ഡയും ഭൂപേന്ദ്ര സിങ്ങും പ്രധാനമന്ത്രി മോദിയുമായും ചർച്ച നടത്തി. വർഷങ്ങളോളം യോഗിയെ ഭയന്ന് മിണ്ടാതിരുന്ന നേതാക്കൾക്ക് തിരഞ്ഞെടുപ്പിലെ പരാജയം തുറന്നുപറയാൻ ധൈര്യമായി. ഇതിനുള്ള ധൈര്യം ഡൽഹിയിൽനിന്നു വന്നതാണെന്ന രീതിയിലും പ്രചാരണമുണ്ടായി. വൈകാതെ യോഗിയുമായും കേന്ദ്ര നേതാക്കൾ ചർച്ച നടത്തി. ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താൽക്കാലിക വെടിനിർത്തലിന് നേതാക്കൾക്കിടയിൽ ധാരണയുണ്ടാക്കുകയും ചെയ്തു.
∙ പരിഹാരം പിന്നീട്, ആദ്യം ഉപതിരഞ്ഞെടുപ്പ്
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുപി ബിജെപി നേതൃത്വത്തിൽ പരസ്പരം പോരടിക്കുന്ന നേതാക്കൾ പോലും യോഗിക്കെതിരെ ഒന്നിക്കുന്ന കാഴ്ചയുമുണ്ടായി. യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയുള്ള പരിഹാര ക്രിയയ്ക്ക് ദേശീയ നേതൃത്വം തയാറാകണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ആർഎസ്എസിന്റെ പിന്തുണയുള്ള യോഗിയെ ഒറ്റയടിക്ക് മാറ്റാൻ കേന്ദ്രനേതൃത്വം തയാറായില്ല. അതോടെ ഉപതിരഞ്ഞെടുപ്പുവരെ യോഗിയുടെ കസേര സുരക്ഷിതമായി. അതേസമയം യുപി ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ മാറ്റി നിയമിക്കുമെന്നും പ്രചാരണമുണ്ടായി. ഒബിസി വിഭാഗക്കാരനായ മൗര്യയെ പ്രധാന പദവിയിൽ കൊണ്ടുവരുന്നത് പ്രയോജനകരമാകും എന്നും കണക്കാക്കുന്നു. യുപിയിൽ പാർട്ടിയുടെയും ഘടകകക്ഷികളുടെയും നേതാക്കളും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ തൊട്ടുമുന്നിലുള്ള ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞുമതി മാറ്റങ്ങളെന്ന തീരുമാനമാണ് ഡൽഹിയിൽനിന്നു ഉണ്ടായത്. ഉപതിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടാൽ യോഗിക്ക് ഇനിയുള്ള നാളുകൾ ശുഭകരമായിരിക്കില്ലെന്ന് വ്യക്തം. ഒരുപക്ഷേ മുഖ്യമന്ത്രിസ്ഥാനം മാറ്റിപ്പരീക്ഷിക്കുന്ന രീതി ബിജെപി യുപിയിലും പയറ്റിയേക്കാം. ഏറ്റവും അവസാനം ഹരിയാനയിലും അത് വിജയം കണ്ടതാണല്ലോ.
∙ യോഗിക്ക് പൂർണ ചുമതലയെന്ന അഗ്നിപരീക്ഷ
കേരളത്തിൽ പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നതു പോലെ യുപിയിൽ പത്തുസീറ്റുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിയിരുന്നത്. ഇതിൽ ഒൻപതും എംഎൽഎമാർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഉണ്ടായ ഒഴിവുകളാണ്. ഒരെണ്ണം എംഎൽഎയെ അയോഗ്യനാക്കിയതിലൂടെയും. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ ചുമതല പൂർണമായും യോഗിക്കാണ് കേന്ദ്ര നേതൃത്വം കൈമാറിയിരിക്കുന്നത്. യോഗിയെ സംബന്ധിച്ച് ഇത് അഗ്നിപരീക്ഷയാണ്. കാരണം തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിൽ സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) കോട്ടകളായ സിറ്റിങ് സീറ്റുകളുമുണ്ട്.
ഇന്ത്യാമുന്നണിയുടെ ഏകീകരണത്തോടെ യുപിയിൽ ബലം ഇരട്ടിയാക്കിയാണ് എസ്പി ഇറങ്ങുന്നത്. ഈ ആത്മവിശ്വാസം കൈമുതലായുള്ളതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാസങ്ങൾക്കു മുൻപേ ആറ് സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിക്കാൻ അവർക്കായത്. ഇതോടൊപ്പം, മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി ദേശീയ നേതൃത്വത്തിന് യുപിയിൽ കൂടുതൽ ശ്രദ്ധ നൽകാൻ കഴിയുകയുമില്ല. രണ്ട് സംസ്ഥാനങ്ങളും നിർണായകമാണ് ബിജെപിക്ക്. ഒൻപത് സീറ്റുകളിൽ ഇപ്പോൾ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പൂർണമായും എതിരായാലും യുപി ബിജെപി സർക്കാരിന്റെ നിലനിൽപിന് ഭീഷണിയാവില്ല. എന്നാൽ,യോഗിയുടെ കസേരയുടെ ആയുസ്സ് പാർട്ടിക്കുള്ളിൽ തീരുമാനിക്കാന്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിനാവും.
∙ ആ‘പത്തിൽ’ ഒന്നു കുറച്ചത് തിരഞ്ഞെടുപ്പ് കമ്മിഷൻ
കേരളത്തിലേതിനു സമാനമായി നവംബർ 13നാണ് യുപിയിലും 9 സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ ഒഴിഞ്ഞു കിടക്കുന്ന 10 സീറ്റുകളിൽ അയോധ്യ ജില്ലയിലെ മിൽകിപൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നില്ല. എസ്‍പിയുടെ സിറ്റിങ് സീറ്റാണ് മിൽകിപൂർ. തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ കൂടുതൽ മാധ്യമ ശ്രദ്ധയും ഇവിടെയാവും പതിയുക. എന്നാൽ 2022ൽ മിൽകിപൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചിരുന്നു. മിൽകിപൂരിനെ ഉപതിരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കിയതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ന്യായീകരണം ഇതാണ്. എന്നാൽ ഇവിടെ വിജയിച്ച എസ്പി നേതാവ് അവധേഷ് പ്രസാദ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചതോടെ എംഎൽഎ സ്ഥാനം രാജിവച്ചിരിക്കുകയാണ്. ഇതൊന്നും കണക്കിലെടുക്കാതെ തിരഞ്ഞെടുപ്പിൽ നിന്നും മിൽകിപൂരിനെ ഒഴിവാക്കിയത് ബിജെപിയെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കഠേഹാരി, കർഹാൽ, മീരാപുർ, കുന്ദർക്കി, ഫൂൽപുർ, സിസാമാവു, ഗാസിയാബാദ്, മജവാൻ, കാഹിർ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് നവംബർ 13ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ നിന്നും മിൽകിപൂരിനെ ഒഴിവാക്കിയെങ്കിലും യോഗിയുടെ നെഞ്ചിടിപ്പ് കുറയില്ല. കാരണം ബാക്കിയുള്ള ഒൻപത് മണ്ഡലങ്ങളിൽ നാലും എസ്പിയുടെ സിറ്റിങ്ങ് സീറ്റുകളാണ്.
സിസാമാവു, കഠേഹാരി, കർഹാൽ, കുന്ദർക്കി എന്നിവയാണ് അവ. ഫൂൽപുർ, ഗാസിയാബാദ്, മജവാൻ, കാഹിർ എന്നീ സീറ്റുകൾ ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. മീരാപുരിൽ ജയിച്ചത് ആർഎൽഡിയായിരുന്നു. 2022 ആർഎൽഡി എസ്പിക്കൊപ്പമായിരുന്നെങ്കിൽ ഇപ്പോൾ അവർ ബിജെപിയുടെ (എൻഡിഎ) സഖ്യകക്ഷിയാണ്. എംഎൽഎയെ അയോഗ്യനാക്കിയതിലൂടെയാണ് സിസാമാവു മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എസ്പിയുടെ ഇർഫാൻ സോളങ്കിയാണ് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ടത്. ബാക്കി എട്ടു സീറ്റുകളും എംഎൽഎമാർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ രാജിവച്ച് ഒഴിവു വന്നതാണ്.
അയൽസംസ്ഥാനമായ ജാർഖണ്ഡിൽ നവംബർ 13ന് നടക്കുന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ താരപ്രചാരകനായി യുപി മുഖ്യമന്ത്രി വരാൻ സാധ്യത കുറവാണ്. ഹോം ഗ്രൗണ്ടിൽ നടക്കുന്ന അഗ്നിപരീക്ഷണത്തിൽ ഒറ്റയ്ക്കു പൊരുതേണ്ട വലിയ ഭാരമാണ് യോഗിക്ക് മേലുള്ളത്. ഒൻപതിൽ എത്ര നേടും എന്നത് അനുസരിച്ചാവും യോഗിയുടെ ഭാവി. പരാജയപ്പെട്ടാൽ യുപിയിൽ വീണ്ടും ഭിന്നത തലപൊക്കും. ജനപ്രീതി നഷ്ടമായാൽ യുപിയിലും ഹരിയാന മോഡലാവും ബിജെപി കേന്ദ്ര നേതൃത്വം ആദ്യം പ്രയോഗിക്കുകയെന്ന സൂചനയും ശക്തമാണ്. ഗുജറാത്തിലും ത്രിപുരയിലും പിന്നാലെ ഹരിയാനയിലും പ്രയോഗിച്ച അതേ ഫോര്‍മുല... നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ജനപ്രീതി നഷ്ടമായി ‘പരാജിതനായ’ മുഖ്യനെ മാറ്റി പ്രതിഷ്ഠിക്കുന്ന തന്ത്രം.