ജോലിക്ക് 15 ലക്ഷം+ ജിഎസ്ടി! ഇരുപത്തിയേഴുകാരി അധ്യാപിക തട്ടിയത് കോടികൾ? വാക്കിൽ മയങ്ങി, ഭരണപക്ഷത്തും ‘പിടി’യെന്ന് വിശ്വസിപ്പിച്ചു
Mail This Article
‘‘ലക്ഷക്കണക്കിനു രൂപ ശമ്പളം കിട്ടുന്ന ജോലിയാണ്. അതുകൊണ്ടുതന്നെ കുറച്ച് ലക്ഷങ്ങൾതന്നെ അതിനു വേണ്ടി ഇറക്കേണ്ടി വരും’’. ആ ഇരുപത്തിയേഴുകാരിയുടെ വാക്ചാതുരിക്കു മുന്നിൽ കുരുങ്ങി എത്രപേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. 89 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതിന്റെ കേസ് ഇതിനോടകം റജിസ്റ്റർ ചെയ്തു കഴിഞ്ഞു. എന്നാൽ കാസർകോട്ടെ പെർല ഷേണി ബൽത്തക്കല്ലിലെ ബി.സചിതാറൈ നടത്തിയ തട്ടിപ്പിന്റെ വാർത്ത പുറത്തുവന്നതോടെ പലരും പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. കോടികളുടെ തൊഴിൽത്തട്ടിപ്പായി ഇത് മാറാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നാൽ ഇരുപത്തിയേഴുകാരിയായ ഒരു സ്കൂൾ അധ്യാപികയ്ക്ക് ഒറ്റയ്ക്ക് ഇത്രവും വലിയ തട്ടിപ്പ് നടത്താനാകുമോയെന്ന ചോദ്യവും ശക്തമാണ്. സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ കാസർകോട് ജില്ലാ കമ്മിറ്റി മുൻ അംഗം കൂടിയായ സചിതാറൈ സംഘടനയുടെ പേരും തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭരണപക്ഷത്ത് ‘പിടിയുള്ളയാൾ’ എന്നു തെളിയിക്കാനായി സംഘടനയിലെ അംഗത്വം ഉപയോഗപ്പെടുത്തിയെന്നാണു കരുതുന്നത്. അതേസമയം, സചിതാറൈ തട്ടിയെടുത്ത പണം എവിടേക്കു പോയെന്നും പൊലീസിന് വ്യക്തത വന്നിട്ടില്ല. ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായി നിലവിൽ കണ്ണൂർ സെൻട്രൽ ജയിൽ റിമാൻഡിലാണ് ബാഡൂർ എഎൽപി സ്കൂളിലെ എൽപി സ്കൂൾ അധ്യാപികയായ ബി.സചിതാറൈ. ഇതുവരെ ലഭിച്ച പരാതികളുടെ പുറത്ത് റജിസ്റ്റർ ചെയ്ത കേസുകളിലായി തട്ടിയെടുത്തത് 89 ലക്ഷത്തിലേറെ രൂപ. എന്നാൽ പരാതി നൽകാൻ തയാറാകാത്ത ഒട്ടേറെ പേർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മാത്രവുമല്ല, മൂന്നു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ട പലരും പൊലീസ് സ്റ്റേഷനുകളിലെത്തുന്നുണ്ടെങ്കിലും പരാതി നൽകാൻ പലരും തയാറാവുന്നില്ല എന്നതാണു പ്രശ്നം.