‘തോറ്റാൽ സിംഗപ്പൂരിന് മടങ്ങാമെന്ന് കരുതി’; അന്ന് രാഹുലിന് കഴിയാതെ പോയ സ്വപ്നവുമായി പ്രിയങ്ക; നിർണായകം വയനാട്ടിലെ സ്ത്രീ വോട്ടുകൾ
Mail This Article
പ്രതിസന്ധി ഘട്ടങ്ങളിൽ ഗാന്ധി കുടുംബത്തെ വിടാതെ ചേർത്തുപിടിച്ച പാരമ്പര്യമുണ്ട് സൗത്ത് ഇന്ത്യയിലെ കോൺഗ്രസ് കോട്ടയായ മണ്ഡലങ്ങൾക്ക്. അടിയന്തരാവസ്ഥയ്ക്കു ശേഷം കോൺഗ്രസ് ശക്തമായി തിരിച്ചുവന്ന 1980ലെ തിരഞ്ഞെടുപ്പിൽ റായ്ബറേലിക്കു പുറമേ ആന്ധ്രപ്രദേശിലെ മേഡക്ക് മണ്ഡലത്തിൽ നിന്നു കൂടി വിജയിച്ചിരുന്നു ഇന്ദിര ഗാന്ധി. ഇന്ദിര അന്ന് രാജിവച്ചതും റായ്ബറേലിയിൽനിന്നാണ്. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോൾ, ആദ്യ മത്സരത്തിന് റായ്ബറേലിക്ക് പുറമേ ഇന്ദിര തിരഞ്ഞെടുത്തതും കോൺഗ്രസ് കോട്ടയായ കർണാടകയിലെ ബെല്ലാരി. 2019ൽ അമേഠിയിൽ പരാജയപ്പെട്ടപ്പോഴും രാഹുൽഗാന്ധിയെ ലോക്സഭയിലെത്തിച്ച് വയനാട് ആ പാരമ്പര്യം കാത്തു. ഒടുവിൽ, പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തിനും വേദിയാവുകയാണ് വയനാട്. ആറുമാസത്തെ ഇടവേളയ്ക്കു ശേഷം ഒരു വലിയ പ്രകൃതി ദുരന്തത്തെ അതിജീവിച്ചു നിൽക്കുന്ന വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ സ്ത്രീ വോട്ടർമാർ ആർക്കൊപ്പം നിൽക്കും? ഇരുപതിനായിരത്തോളം സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ താരതമ്യേന പുതുമുഖമായ നവ്യ ഹരിദാസിനെ ബിജെപി രംഗത്തിറക്കിയത് തന്നെ ആ വോട്ടുകളിൽ കണ്ണുവച്ചാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ആകെ 14,64,472 (ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ) വോട്ടർമാരാണുള്ളത്. പുരുഷൻമാരേക്കാളും 20,300 സ്ത്രീവോട്ടർമാരാണ് കൂടുതൽ. ആര് ജയിക്കണമെന്ന് തീരുമാനിക്കാൻ സ്ത്രീകൾക്ക് ശക്തിയുള്ള മണ്ഡലത്തിൽ തീർത്തും വ്യത്യസ്തമായ പശ്ചാത്തലമുള്ള രണ്ട് സ്ത്രീകളാണ് ഏറ്റുമുട്ടുന്നത്.