കമലയോ ട്രംപോ? യുഎസിൽ ആര് ജയിച്ചാൽ ഇന്ത്യയ്ക്ക് നേട്ടം; ഫലമെന്തായാലും ഇക്കുറി മോദിക്ക് 'നോ ടെൻഷൻ'
Mail This Article
വിവിധ തിരഞ്ഞെടുപ്പുകളാൽ സമ്പന്നരാണ് നമ്മൾ ഇന്ത്യക്കാര്‍. എന്നിട്ടും യുഎസ് തിരഞ്ഞെടുപ്പിലും നമ്മുടെ ഒരു കണ്ണുണ്ട്. കമല ഹാരിസ്, ഡോണൽഡ് ട്രംപ് ഇവരിലാര് യുഎസ് പ്രസിഡന്റാകുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്? ഇതാണ് ഇന്ത്യയിലെ യുഎസ് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകളിൽ ഉയരുന്ന പ്രധാന ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയത് വിദേശകാര്യമന്ത്രി എസ്. ജയശങ്കറായിരുന്നു . "യുഎസ് പ്രസിഡന്റായി ആരെത്തിയാലും ഒപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ട്" - ന്യൂഡൽഹിയിൽ പ്രവാസികളുമായി ബന്ധപ്പെട്ട പരിപാടിയിൽ ഇങ്ങനെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വൈറ്റ്ഹൗസിലെ യുഎസ് പ്രസിഡന്റിന്റെ കസേരയിൽ ആരെത്തിയാലും ഇന്ന് ഇന്ത്യയ്ക്ക് പ്രശ്നമില്ല. കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ലബന്ധം ഇന്ത്യയെപോലെ യുഎസിനും ആവശ്യമാണ്. ഒരുപക്ഷേ കൂടുതൽ ആവശ്യം ഇന്ന് യുഎസിനാണ് എന്ന് വേണമെങ്കിലും പറയാം. ഇതുതന്നെയാണ് നയതന്ത്രം കലക്കിക്കുടിച്ച വിദേശകാര്യ മന്ത്രിയുടെ ആത്മവിശ്വാസത്തിന്റെ രഹസ്യവും. ഇന്ത്യ–യുഎസ് ബന്ധം എക്കാലത്തെയും മികച്ച ഉയരങ്ങളിലൂടെ സഞ്ചരിക്കുന്ന വേളയിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ അവസരത്തിൽ ഇന്ത്യൻ വംശജയായ കമല ജയിക്കുന്നതാണോ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പഴയ 'ബെസ്റ്റ് ഫ്രണ്ട്' ട്രംപ് ജയിക്കുന്നതാണോ ഇന്ത്യയ്ക്ക് നല്ലതെന്ന ചോദ്യം അപ്രസക്തമാകുന്നത്. പകരം ഇവരിൽ ആര് ജയിക്കുന്നതാണ് ഇന്ത്യയുടെ താൽപര്യങ്ങൾക്ക് കൂടുതൽ മെച്ചം എന്ന് തിരുത്തി ചോദിക്കേണ്ടിയിരിക്കുന്നു. അടുത്ത നാല് വർഷം യുഎസിന്റെ ഭരണം ആരുടെ കൈകളിലാവും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡോണൾഡ് ട്രംപും പാതിവഴിയിൽ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രമോഷൻ ലഭിച്ച കമല ഹാരിസിനും ഇനിയുള്ള മണിക്കൂറുകൾ നിര്‍ണായകമാണ്.