സിറ്റിങ് സീറ്റ് കാക്കാൻ പാർട്ടി മാറിയ എംഎൽഎ; അന്ന് യുഡിഎഫിന്റെ വഴിയടച്ച തോൽവി; പാലക്കാടും ചേലക്കരയും പറയുമോ തിരിച്ചുവരവിന്റെ ഭാവി?
Mail This Article
കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ നടന്ന 21 ഉപതിരഞ്ഞെടുപ്പുകളിൽ പതിനഞ്ചിലും മുന്നണികൾ സിറ്റിങ് സീറ്റ് നിലനിർത്തിയതാണ് കേരളത്തിന്റെ ചരിത്രം. ആറു തവണമാത്രം എതിർപക്ഷം സീറ്റ് പിടിച്ചടക്കി. സിറ്റിങ് എംഎൽഎ പാർട്ടി മാറി ഉപതിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ മികച്ച ഭൂരിപക്ഷത്തിനു ജയിച്ചതും 2012ൽ നെയ്യാറ്റിൻക്കരയിൽ സംഭവിച്ചു. അന്ന് സിറ്റിങ് എംഎൽഎ ആർ.ശെൽവരാജ് ആയിരുന്നു സിപിഎമ്മിൽ നിന്നു രാജിവച്ച് കോൺഗ്രസിൽ ചേർന്ന് സീറ്റ് നിലനിർത്തിയത്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ പാലായിലേറ്റ തോൽവി യുഡിഎഫിന്റെ തിരിച്ചുവരവിനെ വരെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. പാലായിലെയെന്ന പോലെ ചെങ്ങന്നൂർ, കോന്നി, വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയും യുഡിഎഫിന് പ്രഹരമായതാണ് ചരിത്രം. എന്നാൽ വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിനു ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സിറ്റിങ് സീറ്റുകൾ നിലനിർത്തിയത് മിന്നുന്ന ഭൂരിപക്ഷത്തോടെയാണ്. തിരഞ്ഞെടുപ്പ് മാനേജ്മെന്റിൽ പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പുകളിൽ മികച്ച ഫിനിഷിങ് ഉറപ്പാക്കുന്നതിൽ സതീശന്റെ വൈദഗ്ധ്യം പാലക്കാട്ടും ചേലക്കരയിലും പരീക്ഷിക്കപ്പെടുകയാണ്. രണ്ടിടത്തും മികച്ച വിജയം നേടാൻ കഴിഞ്ഞാൽ പ്രതിപക്ഷ നേതാവിന്റെ മികവ് നിയമസഭയിലെന്ന പോലെ പുറത്തും അംഗീകരിക്കപ്പെടും. ഫലം പ്രതികൂലമായാൽ തിരിച്ചടിയാകുകയും ചെയ്യും. ഉപതിരഞ്ഞെടുപ്പുകൾ എങ്ങനെയാണ് ഓരോ ഘട്ടത്തിലും സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിച്ചതെന്ന് വിശദമായി അറിയാം.