അന്ന് ഇപി ഉറപ്പിച്ചു, പാർട്ടി വേണ്ട ഗൾഫ് മതി; യഥാർഥ 'ഇരട്ടച്ചങ്കൻ' ലക്ഷ്യമിട്ടത് 2 സിപിഎം ഉന്നതരെ; ഇനി പുറത്തിരിക്കാം?
Mail This Article
എടവൻ പുതിയവീട്ടിൽ ജയരാജൻ എന്നു പറഞ്ഞാൽ ചിലപ്പോൾ കണ്ണൂരിലെ സഖാക്കൾവരെ തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാൽ ഇപി എന്ന രണ്ടക്ഷരം മതി ആളെ മനസ്സിലാക്കാൻ. കണ്ണൂരിൽ കെ.സുധാകരെ പ്രതിരോധിക്കുന്നതിൽ മലപോലെ ഉറച്ചുനിന്ന ജയരാജൻ ഇപ്പോൾ തൊട്ടതെല്ലാം വിവാദമാക്കുന്ന രാഷ്ട്രീയ നേതാവാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ജയരാജൻ വായ തുറന്നാലോ എന്തെങ്കിലും ചെയ്താലോ അതെല്ലാം വിവാദത്തിൽ കലാശിക്കും. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പുസ്തകം. ഇതെന്റെ ആത്മകഥയല്ല, എന്റെ ആത്മകഥ ഇങ്ങനെയല്ല എന്നു പറഞ്ഞ് ജയരാജൻ കൈകഴുകാൻ ശ്രമിക്കുമ്പോഴും പുസ്തത്തിലെ ഉള്ളടക്കം മുഴുവൻ ജയരാജന്റെ ജീവിതമാണ്. കുട്ടിക്കാലം മുതൽ ഇന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ജയരാജൻ പറയുമ്പോൾ കട്ടൻചായയും പരിപ്പുവടയും കഴിച്ചു ശീലിച്ചിരുന്ന കമ്യൂണിസ്റ്റുകാരെങ്കിലും അവിശ്വസിക്കുമെന്ന് ജയരാജൻ വിശ്വസിച്ചെങ്കിൽ അതു തെറ്റിയെന്നേ പറയൂ. കാരണം പറയുന്നത് ജയരാജനാണ്. പറഞ്ഞത് ആദ്യം അതെന്റേതല്ലെന്നു പറയുകയും പിന്നീട് അതിലേക്കു തന്നെ എത്തുകയും ചെയ്യുന്നതാണ് ജയരാജൻ ശൈലി. തെറ്റു ചെയ്യും, പാർട്ടി ശാസന ഏറ്റുവാങ്ങും വീണ്ടും തെറ്റിക്കും, പിന്നെയും തിരുത്തും. അങ്ങനെ ചെയ്തും തിരുത്തിയും വളർന്നുവന്നതാണ് ജയരാജൻ ശൈലിയെന്നു പറയാം.