ബാങ്കുകൾ കൈവിട്ടു, ആസ്തിയിൽ ശതകോടികളുടെ ഇടിവ്; കേരളം മുതൽ ടാൻസാനിയ വരെ; അദാനി സാമ്രാജ്യം വീഴുമോ ചീട്ടുകൊട്ടാരം പോലെ?
Mail This Article
ഗുജറാത്തുകാരനായ ഗൗതം അദാനി 1988ലാണ് അദാനി എക്സ്പോർട്സ് എന്ന സ്വന്തം കമ്പനിക്ക് തുടക്കമിടുന്നത്. അതേ അദാനിയെക്കുറിച്ച് പക്ഷേ മാലോകർ കേട്ടുതുടങ്ങിയത് ഗുജറാത്തുകാരൻ തന്നെയായ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചു തുടങ്ങിയപ്പോഴാണ്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത്, അതിവേഗമായിരുന്നു അദാനിയുടെ സാമ്രാജ്യ വികസനം. ഗുജറാത്തിൽ നിന്ന് ഇന്ത്യയൊട്ടാകെ, അങ്ങ് ശ്രീലങ്ക മുതൽ ഓസ്ട്രേലിയ വരെ. പിന്നെ ബംഗ്ലദേശും വിയറ്റ്നാമും ഇസ്രയേലും മുതൽ ആഫ്രിക്കയിലെ ടാൻസാനിയ വരെ. പുതിയ മേഖലകളിലേക്ക് ചുവടുവച്ചും നിലവിലെ പദ്ധതികൾ വിപുലീകരിച്ചും അദാനി അതിവേഗം വളർന്നു. എന്നാൽ, എല്ലായ്പ്പോഴും അദാനിയുടെ വളർച്ചയ്ക്കൊപ്പം വിവാദങ്ങളും വളരുകയായിരുന്നു. അദാനി കൈവച്ച ഒട്ടുമിക്ക പദ്ധതികളും ഇന്ത്യയിലും വിദേശത്തും വിമർശനങ്ങളിൽ മുങ്ങി. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും അദാനിക്കെതിരെ ജനകീയ സമരങ്ങളും രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പും ഉയർന്നു. ഇക്കാലയളവിൽ പലപ്പോഴും അദാനി തളർന്നു; അതിനേക്കാൾ വേഗത്തിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളെയാകെ ഉലച്ച് അദാനിക്കെതിരെ 2023ലും 2024ലും ഉയർന്ന ഹിൻഡൻബർഗ് ആരോപണങ്ങളും അതിന്റെ ബാക്കിപത്രങ്ങളും ഏവരും കണ്ടതാണ്. എന്നാൽ, ഇക്കുറി യുഎസിൽ നിന്ന് അദാനിക്കെതിരെ വഞ്ചന, അഴിമതി, ക്രിമനൽ ഗൂഢാലോചന കേസുകളും അറസ്റ്റ് വാറന്റും വരുമ്പോൾ കാര്യങ്ങൾ അത്ര പന്തിയില്ല. അദാനിയുടെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ പൊളിയുമോ? അതോ, ഹിൻഡൻബർഗിന്റെ ആരോപണശരങ്ങളെ അതിജീവിച്ചപോലെ അദാനി പിടിച്ചുനിൽക്കുമോ?