സിറിയയിൽ റഷ്യയുടെ തീമഴ; ആലപ്പോ പിടിച്ച് അൽ– ഖായിദയുടെ പഴയ ‘സ്നേഹിതൻ’; ഐഎസ് തീർന്നപ്പോൾ പുതിയ ഭീഷണി
Mail This Article
സിറിയയിലെ വൻ നഗരമായ ആലപ്പോയിൽ വീണ്ടും തീമഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. രാത്രി മുഴുവൻ റഷ്യൻ പോർവിമാനങ്ങളുടെ ഇരമ്പലും വൻ ബോംബ് സ്ഫോടനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദവും. കുറച്ച് വർഷങ്ങളായി സമാധാനമെന്തെന്ന് പോലും അറിഞ്ഞിട്ടില്ലാത്ത സിറിയൻ ജനതയുടെ തലയ്ക്കു മുകളിലേക്ക് റഷ്യയും ഒപ്പം സർക്കാർ സൈന്യവും പോർവിമാനങ്ങളിൽനിന്ന് ബോംബിങ് തുടങ്ങിയപ്പോൾ തെരുവുകളും നഗരങ്ങളും രക്തക്കളമായി, തകർന്നടിഞ്ഞു. സിറിയൻ സർക്കാരിനെതിരെ വിമത സേന ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ആക്രമണത്തിനാണ് 2024 നവംബർ 27ന് തുടക്കമിട്ടത്. ആലപ്പോ നഗരം പിടിച്ചെടുത്തവരെ നേരിടുമെന്ന് പ്രസിഡന്റ് ബാഷർ അൽ അസദ് പ്രഖ്യാപിച്ചെങ്കിലും സൈന്യത്തിന് തൽകാലം പിന്മാറേണ്ടിവന്നു. നഗരത്തിലെ തെരുവുകളെല്ലാം ശൂന്യമാണ്. ആക്രമണം ഭയന്ന് ജനങ്ങൾ വീട്ടിലിരിക്കുന്നു. കടകളെല്ലാം അടഞ്ഞുകിടക്കുന്നു.ഒരാഴ്ചയ്ക്കിടെ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. നഗരത്തിൽ താമസിക്കുന്നവരെല്ലാം കുടിയൊഴിഞ്ഞു പോകുകയാണ്. ആലപ്പോയിൽ സ്ഥാനമുറപ്പിച്ച വിമതസേന സമീപപ്രവിശ്യയായ ഹമയിലെ നാലു പട്ടണങ്ങളും പിടിച്ചതോടെയാണ് സിറിയൻ സർക്കാരിനെ സഹായിക്കാൻ റഷ്യൻ പോർവിമാനങ്ങളും വിന്യസിച്ചത്. സർക്കാർസേന ചെറുത്തുനിൽപിനു നിൽക്കാതെ പിന്തിരിയേണ്ടിവരുന്ന റിപ്പോർട്ടുകൾ വന്നതോടെ റഷ്യ ഇടപ്പെടുകയായിരുന്നു.