‘പതിനൊന്നുകാരന്റെ ചാറ്റ്: ബ്രോ, ആദ്യ കൊലപാതകത്തിന് അധികം കാത്തിരിക്കാനാവില്ല’; ചോര മണക്കുന്ന സ്വീഡിഷ് ‘അസൈൻമെന്റ്’
Mail This Article
ശാന്തമായിരുന്നു സ്വീഡിഷ് പ്രാന്തപ്രദേശമായ സോഡർട്ടൽജെ. എന്നാൽ അടുത്തിടെ അവിടെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമുണ്ടായി. 14 വയസ്സുള്ള ഒരു ആൺകുട്ടി, സ്കൂൾ യൂണിഫോമിൽ ആയുധം പിടിച്ച് പട്ടാപ്പകൽ ഒരാളെ കൊലപ്പെടുത്താൻ പോകുന്നു. കണ്ടുനിന്നവരെല്ലാം ഭയന്നോടി. കയ്യിൽ ഏറ്റവും പുതിയ മോഡൽ യന്ത്രത്തോക്കുമായാണ് അവൻ നടക്കുന്നത്. ഒരാളെ വധിക്കാൻ പോകുമ്പോഴും അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ ഏൽപിച്ച ‘ജോലി’ അവൻ കൃത്യമായി നടപ്പിലാക്കി. ഒരു കുടുംബത്തിന്റെ അത്താണിയെ അവൻ ഇല്ലാതാക്കി. നടുറോഡിൽ അയാൾ മരിച്ചു വീണു. ഒറ്റപ്പെട്ട സംഭവമാണിതെന്നു പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. നമ്മളതു പറയുന്നത് ഇന്ത്യയിലെ അനുഭവം വച്ചാണ്. അപൂർവമായിട്ടേ ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ നടക്കാറുള്ളൂ. എന്നാൽ സ്വീഡനിലെ സാഹചര്യം ഇപ്പോൾ അങ്ങനെയല്ല. ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങളാണ് കുട്ടികളുടെ സഹായത്തോടെ അധോലോക സംഘങ്ങൾ രാജ്യത്തു നടപ്പിലാക്കുന്നത്. സ്വീഡനിലെ വളർന്നുവരുന്ന ക്രിമിനൽ സംഘങ്ങൾ കുട്ടികളെ കൊലയാളികളായി റിക്രൂട്ട് ചെയ്യുന്നത് വ്യാപമായിരിക്കുകയാണ്. അയൽ രാജ്യങ്ങൾക്കും ഇസ്രയേൽ പോലുള്ള രാജ്യങ്ങൾക്ക് പോലും സ്വീഡനിലെ കുട്ടികളെ ഉൾപ്പെടുത്തിയ ഗുണ്ടാ സംഘങ്ങൾ വൻ ഭീഷണിയായിട്ടുണ്ട്. ഇത്തരത്തിൽ കൊലക്കത്തിയും തോക്കുമായി രംഗത്തിറക്കുന്നവർക്ക് ഒരു പേരുമിട്ടിട്ടുണ്ട്– ചൈൽഡ് കോൺട്രാക്ട് കൊലയാളികൾ.