സിറിയയെ ഒറ്റി അൽ ബക്കറയും ഹാശ്മിരയും; ഹെർമോൻ പർവതത്തിൽ ഇനി ഇസ്രയേൽ; ചതി സ്ലീപ്പർ സെല്ലിലും
Mail This Article
ലോക വൻശക്തികളിലൊന്നായ റഷ്യയുടെയും മധ്യേഷ്യയിലെ കരുത്തരായ ഇറാന്റെയും പിന്തുണയുണ്ടായിരുന്നിട്ടും ഒടുവിൽ ബഷാർ അൽ അസദ് ഭരണകൂടം നിലംപതിച്ചു, സിറിയയിൽ പ്രതിപക്ഷ സേന അധികാരവും പിടിച്ചു. എട്ടു വർഷത്തെ വെടിനിർത്തലിനു വിരാമമിട്ട് അപ്രതീക്ഷിത ആക്രമണം തുടങ്ങിയ പ്രതിപക്ഷ സൈനിക സഖ്യത്തിന്റെ മുന്നിൽ അസദിന്റെ സിറിയൻ സൈന്യം ഒരു പോരാട്ടത്തിനു പോലും നിൽക്കാതെ പിന്തിരിഞ്ഞോടി. അറബ് ലോകത്താകെ ആഞ്ഞുവീശിയ മുല്ലപ്പൂവിപ്ലവത്തിനു പിന്നാലെ 2011ൽ തുടക്കമിട്ട സിറിയയിലെ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധത്തെയും ഐഎസ് ഭീകരരെയും അൽഖ്വായിദയെയും അതിജീവിച്ച സിറിയൻ സൈന്യം വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോയി. അസദ് ഭരണകൂടം നിലംപതിച്ചതോടെ സിറിയയിലെ യുദ്ധങ്ങൾ അവസാനിച്ചെന്നല്ല, അവസാനിക്കാത്ത യുദ്ധങ്ങൾക്കു തുടക്കമായി എന്നാണ് അർഥം. തുർക്കിയുടെയും ഇസ്രയേലിന്റെയും സൈന്യം അതിർത്തി കടന്നു സിറിയയിൽ എത്തിക്കഴിഞ്ഞു. സിറിയൻ പ്രതിപക്ഷത്തിന്റെ സൈനിക നീക്കത്തിനു പിന്നിൽ തുർക്കിയാണെന്ന് ആരോപണമുണ്ട്. ഒപ്പം യുഎസിന്റെയും ഇസ്രയേലിന്റെയും യുക്രെയ്നിന്റെയും പങ്കുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തുകൊണ്ടാണ് സിറിയൻ സൈന്യവും അസദ് ഭരണകൂടം ചീട്ടുകൊട്ടാരം പോലെ തകർന്നത്? തുർക്കിക്ക് ബഷാർ അൽ അസദിനോട് അനിഷ്ടം തോന്നാൻ എന്താണ് കാരണം? സിറിയയിൽ ഇനി എന്തു സംഭവിക്കും? വിശദമായി പരിശോധിക്കാം.