സ്ത്രീകളെ കണ്ണുകെട്ടി ലൈംഗികമായി പീഡിപ്പിച്ചു; കൂട്ടത്തോടെ കൊന്നുകുഴിച്ചുമൂടിയത് ആയിരങ്ങളെ; പ്രേതാലയമായി അസദിന്റെ ‘മനുഷ്യ അറവുശാല’
Mail This Article
ഡിസംബർ 8, ഞായറാഴ്ച. അസദ് ഭരണകൂടം തകർന്നു വീണ വാർത്ത അറിഞ്ഞതോടെ ഒരുകൂട്ടം ജനം സിറിയയിലെ കുപ്രസിദ്ധ ജയിലിലേക്ക് ഒഴുകിയെത്തി. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ‘മനുഷ്യ അറവുശാല’ എന്നറിയപ്പെടുന്ന ജയിലിൽ വര്‍ഷങ്ങളായി നരകിച്ച് കഴിയുന്ന ഉറ്റവരെ കാണാനുള്ള ഓട്ടമായിരുന്നു അത്. വരും ദിവസങ്ങളിൽ വധശിക്ഷയ്ക്ക് വരെ വിധിച്ചവരുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള പതിനായിരക്കണക്കിന് തടവുകാരാണ് ഭൂഗർഭ ജയിലുകളിൽ കഴിഞ്ഞിരുന്നത്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നറിയാതിരുന്ന ഉറ്റവരെയും ബന്ധുക്കളെയും തേടി ജനം അവിടേക്ക് ഇരച്ചെത്തുകയായിരുന്നു. എന്തായിരുന്നു ആ ജയിലിന്റെ പ്രത്യേകത? സിറിയയിലെ ഏറ്റവും രഹസ്യ സ്വഭാവമുള്ളതും കുപ്രസിദ്ധവുമായ ജയിലായിരുന്നു അത്. കൊടിയ പീഡനത്തിനും മനുഷ്യക്കുരുതിക്കും കുപ്രസിദ്ധി നേടിയ സിറിയൻ തടവറകളിൽ നിന്ന് ആയിരക്കണക്കിനു പേരെയാണ് ഭരണം പിടിച്ചെടുത്ത വിമത സായുധ സംഘം തുറന്നുവിട്ടത്. ഇതിൽ അസദിന്റെ രാഷ്ട്രീയ എതിരാളികൾ മുതൽ കൊടും കുറ്റവാളികൾ വരെയുണ്ട്. ‘കശാപ്പുശാല’ എന്നറിയപ്പെട്ട സെയ്ദാനിയ ജയിലിൽ നിന്നു വനിതാ തടവുകാർ കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് സെയ്ദാനിയ തടവറയുടെ ചരിത്രം? എന്താണ് അവിടുത്തെ ക്രൂരമായ ശിക്ഷകൾ? ആരൊക്കെയാണ് ഈ തടവറയിൽ കഴിഞ്ഞിരുന്നത്? ഞെട്ടിക്കുന്നതാണ് ആ കഥ.