കേരളത്തിലെ വനിതകൾക്കും കിട്ടിയത് കോടികൾ; അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചിട്ടും അനങ്ങിയില്ല! ‘ആക്‌സിഡന്റൽ’ അല്ല ഒന്നും
Mail This Article
ഒരു പതിറ്റാണ്ട് രാജ്യത്തെ നയിച്ച പ്രധാനമന്ത്രി മൻമോഹൻ സിങ് വിടപറയുമ്പോൾ പ്രധാനമന്ത്രിയെന്ന നിലയിൽ നടത്തിയ അവസാനത്തെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് ഏറ്റവും അധികം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്; ‘‘ചരിത്രം എന്നോട് ഇവിടുത്തെ സമകാലിക മാധ്യമങ്ങളേക്കാളും പ്രതിപക്ഷത്തേക്കാളും ദയാലുവായിരിക്കും.’’ മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ ‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ - ദ് മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മൻമോഹൻസിങ്’ എന്ന പുസ്തകം പുറത്തുവന്ന സമയമായിരുന്നു അത്. മൻമോഹൻ ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്നും അധികാരം അദ്ദേഹത്തിന്റെ കൈകളിലല്ലായിരുന്നുവെന്നും പറയുന്ന പുസ്തകം വിവാദ പരാമർശങ്ങൾ പലതുംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഒരു പതിറ്റാണ്ടിലെ ഭരണത്തിനു ശേഷം ബിജെപി പിടിച്ചെടുത്ത അധികാരം പിന്നീട് യുപിഎയ്ക്ക് തിരികെ ലഭിച്ചിട്ടില്ല. പക്ഷേ, പിന്നീട് കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പലതും മൻമോഹനായിരുന്നു ശരിയെന്ന് ഇന്ത്യയെ ഓർമിപ്പിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തച്ചുടച്ച നോട്ടു നിരോധനത്തിനു ശേഷം നടന്ന പാർലമെന്റ് സമ്മേളനത്തിൽ ‘ദാറ്റ് വാസ് ആൻ ഓർഗനൈസ്ഡ് ലൂട്ട് ആൻഡ് ലീഗലൈസ്ഡ് പ്ലണ്ടർ’ എന്ന് നിശിതമായി വിമർശിച്ച മൻമോഹന്റെ വാക്കുകൾ രാജ്യത്ത് തരംഗമായി. സംഘടിത കൊള്ളയും നിയമവിധേയ പിടിച്ചുപറിയുമാണ് സർക്കാർ നടത്തിയതെന്ന് മുഖത്തടിച്ചതു പോലെയാണ് മൻമോഹൻ പറഞ്ഞത്. പ്രധാനമന്ത്രിപദത്തിൽ നിന്നിറങ്ങി ഒരു പതിറ്റാണ്ടിനു ശേഷം മൻമോഹൻ ലോകത്തോടു വിടവാങ്ങുമ്പോൾ, രാജ്യത്തെ കൂടുതൽ മികവുറ്റതാക്കാൻ അദ്ദേഹം കൊണ്ടുവന്ന പദ്ധതികളെ, അദ്ദേഹം പറഞ്ഞതുപോലെ ചരിത്രം വിലയിരുത്തുകതന്നെ ചെയ്യും. എന്തായിരുന്നു ആ പദ്ധതികൾ?