മിസൈലേറ്റ വിമാനം ഗതികിട്ടാതെ പറന്നത് 1 മണിക്കൂർ; ജിപിഎസ് നിശ്ചലമാക്കി കടലിൽ മുക്കാൻ നീക്കം; സംഭവിച്ചത് റഷ്യയുടെ അബദ്ധമോ?
Mail This Article
ഡിസംബർ 25 രാവിലെ 7.15നാണ് ലോകത്തെ ഞെട്ടിച്ച ആ വൻ ദുരന്തം സംഭവിച്ചത്. ക്രിസ്മസ് ആഘോഷിക്കാനായി കാത്തിരുന്ന 67 പേരെയാണ് ദുരന്തം തേടിയെത്തിയത്. 38 പേർ മരണപ്പെട്ട ദാരുണമായ വിമാനാപകടം അസർബൈജാൻ ജനതയുടെ അവധിക്കാല ആഘോഷംതന്നെ ഇല്ലാതാക്കി. ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അവധിയാഘോഷിക്കാൻ പോകുന്നവർ, വിമാന ജീവനക്കാർ തുടങ്ങിയവരെ വഹിച്ചുകൊണ്ടു സുരക്ഷിതമായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് അവസാന മിനിറ്റുകളിൽ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഇപ്പോഴും ഊഹാപോഹങ്ങൾ തുടരുകയാണ്. അവരിൽ പലരും കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷ സംഗമങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. കനത്ത മൂടൽമഞ്ഞുണ്ടായിരുന്ന ആ പുലർച്ചെ വിമാനത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നു തന്നെയാണ് വ്യോമയാന നിരീക്ഷകരും സാങ്കേതിക ഡേറ്റയും നൽകുന്ന സൂചന. പക്ഷികൾ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന പ്രാഥമിക റിപ്പോർട്ടുകളെ തള്ളുന്ന പ്രതികരണങ്ങളാണ് പിന്നീടുള്ള മണിക്കൂറുകളിൽ വന്നത്. എന്താണ് അസർബൈജാൻ എയർലൈൻസിന് സംഭവിച്ചത്? ഇതിൽ റഷ്യയുടെ പങ്കെന്ത്? സാങ്കേതിക ഡേറ്റാ തെളിവുകൾ പറയുന്നതെന്ത്? റഷ്യൻ അധികൃതർ ജിപിഎസ് തടസ്സപ്പെടുത്തിയോ? ഇക്കാര്യത്തിൽ എന്താണ് വ്യോമയാന മേഖലയിലെ വിദഗ്ധർക്ക് പറയാനുള്ളത്?