ആരിഫ് ഖാനെ ബിഹാറിലേക്കു മാറ്റിയതിനു പിന്നിലെന്ത്? ബിജെപി ഒഴിച്ചിട്ട ആ സീറ്റ് ആർക്ക്? ഇന്ത്യാ സഖ്യത്തിലും വിള്ളൽ വീഴുമോ?
Mail This Article
പിണറായി സർക്കാരിനെ പ്രതിപക്ഷത്തെ പോലെ കടന്നാക്രമിച്ചിരുന്ന കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ, എൻഡിഎ സർക്കാരിന്റെ നെടുന്തൂണായ നിതീഷ് കുമാറിന്റെ ബിഹാറിലേക്ക് മാറ്റിയത് എന്തിനാവും? ‘2025’ എന്നതാണ് ഇതിനുള്ള ഒറ്റവാക്കിലെ ഉത്തരം. ഈ വർഷം രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒരെണ്ണം ബിഹാറാണ്. മറ്റൊന്ന് രാജ്യ തലസ്ഥാനവും. ഈ രണ്ട് തിരഞ്ഞെടുപ്പും ബിജെപിയെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. ഡൽഹിയിൽ തുടർഭരണം ലഭിച്ചാൽ, നിലവിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞിരിക്കുന്ന അരവിന്ദ് കേജ്‌രിവാളിന്റെ തിരിച്ചുവരവിനുള്ള വൻ അവസരമായിരിക്കും. എന്തു വിലകൊടുത്തും അതിനെ പ്രതിരോധിക്കുകയെന്നതാണ് ബിജെപി ലക്ഷ്യം. ബിഹാറിലാകട്ടെ എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാവുന്ന നിതീഷിന് മേൽ ബിജെപിക്ക് ഒരു കണ്ണുവേണ്ടത് അത്യാവശ്യവും. തലസ്ഥാനം പിടിക്കാൻ പുറപ്പെടുമ്പോൾ സ്വന്തം തലയിലും മാറ്റം വരികയാണെന്ന സത്യവും ബിജെപിക്കു മുന്നിലുണ്ട്. ജനുവരിയില്‍ ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ വരും എന്നതാണ് അതിൽ പ്രധാനം. ആരാവും ജെ.പി.നഡ്ഡയ്ക്കു പകരം ബിജെപിയെ നയിക്കുക? ആരായാലും, ശതാബ്ദി ആഘോഷത്തിലേക്കു കടക്കുന്ന ആർഎസ്എസിനെ മനസ്സിൽ കണ്ടുമാത്രമേ ഈ തീരുമാനമെടുക്കാൻ ബിജെപിക്ക് സാധിക്കുകയുള്ളൂ. ബിജെപിക്ക് മാത്രമല്ല മറ്റു പാർട്ടികൾക്കും 2025 നിർണായകമാണ്. സീതാറാം യച്ചൂരിയുടെ നിര്യാണം ഒഴിച്ചിട്ട സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ പദവിയിലെത്തുന്നത് ആരാവും എന്നോർത്ത് കേരളവും ആകാംക്ഷയിലാണ്. പക്ഷേ ഇതറിയാൻ ഏപ്രിൽ വരെ കാക്കണം. തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നേരിടാൻ ഇന്ത്യാ സഖ്യം ഉയർത്തെഴുന്നേൽക്കുമോ എന്നതാണ് പ്രതിപക്ഷ ക്യാംപിൽനിന്ന് അറിയേണ്ട മറ്റൊരു കാര്യം. 2024 ഇന്ത്യയെ ഉഴുതുമറിച്ച പൊതുതിരഞ്ഞെടുപ്പിന്റെ വർഷമായിരുന്നെങ്കിൽ 2025 തലമുറമാറ്റത്തിന്റെ വർഷമാണ്. പുതിയ തലവന്മാർ പാർട്ടി ഭരിക്കാൻ എത്തുന്ന വർഷം. രാഷ്ട്രീയത്തിലും നിയമനിർമാണത്തിലും മതപരമായ വിഷയങ്ങളിലും സമരങ്ങളിലും വരെ തർക്കങ്ങള്‍ തുടരുമ്പോൾ അതിനൊരു തീർപ്പുകൽപിക്കാൻ 2025നു സാധിക്കുമോ?