ലാൻഡിങ്ങിനിടെ എൻജിനിൽ തീ, ഫ്ലാപ്പുകൾ നിശ്ചലം; പക്ഷിയല്ല, വില്ലൻ പൈലറ്റ്? അവസാന നിമിഷങ്ങളിൽ കോക്പിറ്റിൽ സംഭവിച്ചതെന്ത്?
Mail This Article
2024ലെ അവസാന ഞായർ; ഡിസംബർ 29, പുലർച്ചെ. ഒരു യാത്രയ്ക്കായി കാത്തിരിക്കുകയാണ് 181 പേർ. തായ്‌ലന്‍ഡിലെ ബാങ്കോക്കിൽ നിന്ന് ദക്ഷിണ കൊറിയയിലെ മുവാനിലേക്കാണ് യാത്ര. യാത്രക്കാരിൽ ഭൂരിഭാഗവും ദക്ഷിണകൊറിയക്കാർ തന്നെ. പ്രാദേശിക സമയം പുലർച്ചെ 2.29ന് ജെജു എയർ ഫ്ലൈറ്റ് 2216 ടേക്ക് ഓഫ് ചെയ്യുമ്പോൾ എല്ലാം ശാന്തമായിരുന്നു. അസ്വാഭാവികമായി ഒന്നുമില്ല. നാലര മണിക്കൂർ നീളുന്ന യാത്ര മുവാൻ വിമാനത്താവള പരിസരത്ത് എത്തുംവരെ കുഴപ്പങ്ങളൊന്നുമില്ലാതെ പോയി. എന്നാൽ ലാൻഡിങ്ങിനു പിന്നാലെ സംഭവിച്ചത് ഒട്ടേറെ കുടുംബങ്ങളെ തീരാക്കണ്ണീരിലാഴ്‌ത്തുന്ന മഹാദുരന്തം. താഴേക്കിറങ്ങിയ വിമാനം തീഗോളമായി കത്തിയമര്‍ന്നു. അന്ന് രാവിലെ മുവാൻ വിമാനത്താവളത്തിൽ എന്താണ് സംഭവിച്ചതെന്നത് ഇപ്പോഴും ദുരൂഹമാണ്. ദക്ഷിണ കൊറിയയിലെ ഏറ്റവും ഭീകരമായ വിമാനാപകടം എങ്ങനെ സംഭവിച്ചുവെന്നത് ഇന്നും ഉത്തരംകിട്ടാത്ത ചോദ്യം. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ ഓപറേറ്റർമാരെ പൊലീസ് ചോദ്യം ചെയ്തു. ‘ജെജു’വിന്റെ ഓഫിസിലെത്തിയും പരിശോധന നടത്തി. പക്ഷിയിടിച്ചതാണ് ലാൻഡിങ്ങിനിടെ വിമാനം തകർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിമാനത്തിൽ പക്ഷിയിടിച്ച കാര്യം യാത്രക്കാർക്കും അറിയാമായിരുന്നു. ലാൻഡിങ് അത്ര സുഖകരമായിരിക്കില്ലെന്നും അവർ മുൻകൂട്ടി അറിഞ്ഞിരുന്നു. ഇക്കാര്യം യാത്രക്കാരിൽ പലരും വിമാനത്താവളത്തിൽ കാത്തിരിക്കുന്ന ബന്ധുക്കളെ ഉൾപ്പെടെ മെസേജ് അയച്ച് അറിയിക്കുകയും ചെയ്തു. എന്നാൽ മരണമാണ് കാത്തിരിക്കുന്നതെന്ന് അവരിൽ പലരും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. ഇറങ്ങാൻ സമയത്ത് പക്ഷേ ആ പ്രതീക്ഷയെല്ലാം തകർന്നു. വിമാനത്തിന്റെ ലാൻഡിങ് ഗിയർ പ്രവർത്തിപ്പിക്കുന്നതില്‍ പൈലറ്റ് പരാജയപ്പെട്ടു. റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ വിമാനം മതിലില്‍ ഇടിച്ച് തകരുന്ന ദൃശ്യം ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. വിമാനത്തിലുണ്ടായിരുന്ന 181ൽ 179 പേരും മരിച്ചു. അപ്പോഴും ഒരു ചോദ്യം ബാക്കി.