‘ആ 3 ദിവസത്തെ അന്വേഷണം വഴിതെറ്റിയിരുന്നെങ്കിൽ എല്ലാം പാളിയേനെ’; പെരിയയിൽ പിണറായി ‘പറന്നിറങ്ങിയിട്ടും’ രക്ഷയില്ല; ഗോവിന്ദന്റെ ‘വകുപ്പും’ രക്ഷിച്ചില്ല!
Mail This Article
കൊല ചെയ്യാനുപയോഗിച്ച ആയുധങ്ങൾ കൃത്യമായി പരിശോധിക്കാതെയുള്ള ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം, ആ ശ്രമം പാളിയപ്പോൾ അന്വേഷണ സംഘത്തെതന്നെ പിരിച്ചു വിടൽ, ഇടയ്ക്ക് വാദിഭാഗത്തിന്റെ നിയമോപദേഷ്ടാവിനെത്തന്നെ റാഞ്ചൽ, ഇതൊന്നും രക്ഷയാകില്ലെന്നു കണ്ടപ്പോൾ അറ്റകൈ പ്രയോഗമായി സിബിഐ അന്വേഷണം വരാതിരിക്കാൻ സർക്കാർ ഇടപെട്ട് ഇറക്കിയത് 1.14 കോടി രൂപ! പക്ഷേ ഒന്നും ഫലം കണ്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ പെരിയ കേസിൽ കയ്യിലെ ചോരക്കറ എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും അത് സിപിഎമ്മിന്റെ കൈകളിൽ മായാതെതന്നെ കിടക്കുകയാണ്. കേസിലെ വിധിയിൽത്തന്നെ അതു വ്യക്തം. പെരിയ വിധിയിൽ സിപിഎമ്മിന് ഏറ്റവും ക്ഷീണമാകുന്നത് ഉദുമ മുൻ എംഎൽഎയും നിലവിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ശിക്ഷാ വിധിയാണ്. കൊലക്കുറ്റം തെളിഞ്ഞ പ്രതിയെ ബലംപ്രയോഗിച്ചു മോചിപ്പിച്ചു എന്നതാണു കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയ മുൻ സെക്രട്ടറിയും നിലവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠൻ, സിപിഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗവും പനയാൽ ബാങ്ക് മുൻ സെക്രട്ടറിയുമായ കെ.വി.ഭാസ്കരൻ എന്നിവർക്ക് 5 വർഷത്തെ തടവുശിക്ഷ വിധിക്കാൻ കാരണമായി കോടതി കണ്ടെത്തിയത്. എന്നാൽ ഈ നേതാക്കളെ രക്ഷിക്കാനായി സിപിഎം കാശെറിയുക മാത്രമല്ല, കയ്യിലുള്ള അധികാരം പരമാവധി പ്രയോജനപ്പെടുത്തുക വരെ ചെയ്തത് പരസ്യമായ രഹസ്യം. വിധി വന്നതിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയില്‍ത്തന്നെ നിരാശ വ്യക്തം.